വാട്‌സ്ആപ്പ് ചാറ്റ് ചോർച്ചയിൽ യൂത്ത് കോൺഗ്രസിൽ നടപടി; ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി
തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോർന്നതിൽ നടപടി. രണ്ട് വൈസ് പ്രസിഡന്റുമാരെ സസ്പെൻഡ് ചെയ്തു. എൻ.എസ് നു സൂർ, എസ് എം ബാലു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഘടനാ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ചാറ്റ് പുറത്തായ സംഭവത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയവരിൽ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തിൽ പരാതി നൽകിയത്. പിന്നാലെയാണ് നടപടി.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെയും കത്തിൽ പരാമർശമുണ്ടായിരുന്നു. വിവരങ്ങൾ ചോരുന്നത് സംസ്ഥാന പ്രസിഡന്റ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും വിഷയത്തിൽ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിനെതിരെ റിയാസ് മുക്കോളി, എൻഎസ് നുസൂർ, എസ്‌ജെ പ്രേം രാജ്, എസ്എം ബാബു എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
വാട്‌സ്ആപ്പ് ചാറ്റ് പുറത്ത് വന്നതിനെ തുടർന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് ശബരിനാഥനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടിരുന്നു. യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്ട്‌സ്ആപ് ഗ്രൂപ്പിൽനിന്ന് സന്ദേശങ്ങൾ ചോർത്തിയത് ഗുരുതര സംഘടന പ്രശ്‌നമാണെന്ന് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ പ്രതികരിച്ചിരുന്നു. ഇതിനെ ഗൗരവമായാണ് യൂത്ത് കോൺഗ്രസും കെപിസിസിയും കാണുന്നത്. ഇത് നേതൃത്വത്തെ അറിയിക്കും. എല്ലാ സംഘടനയിലും നെല്ലും പതിരുമുണ്ട്. പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസുകാർ സംഘടന നിലപാടിന് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ചോർത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരൻ എംപിയും പ്രതികരിച്ചിരുന്നു . പാഷാണത്തിൽ കൃമികൾ എല്ലായിടത്തുമുണ്ട്. അങ്ങനെയുള്ളവരെ തെരഞ്ഞുപിടിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കും. അത് കോൺഗ്രസിലാലും യൂത്ത് കോൺഗ്രസിലായാലും. ഒപ്പം നിന്ന് ഒറ്റിക്കൊടുക്കുന്നവർക്ക് പാർട്ടിയിൽ ഇനി സ്ഥാനവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിലെ കെ എസ് ശബരീനാഥന്റെ ആഹ്വാന പ്രകാരമാണ് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം നടന്നതെന്ന് തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശബരീനാഥനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം, ഫോൺ അന്വേഷണ സംഘത്തിന് കൈമാറണം, 50,000 രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.