പാണമ്പ്രയില്‍ വെച്ച് സ്കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയുടെ ഇടക്കാലജാമ്യം തള്ളി.
മലപ്പുറം: പാണമ്പ്രയില്‍ വെച്ച് സ്കൂട്ടര്‍ യാത്രികരായ സഹോദരിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയുടെ ഇടക്കാല ജാമ്യം തള്ളി ഹൈക്കോടതി. പ്രതി സി എച്ച് ഇബ്രാഹിം ഷബീറിൻ്റെ ഇടക്കാല ജാമ്യമാണ് കോടതി തള്ളിയത്. ജാമ്യം നല്‍കാനാവില്ലെന്ന് കോടതി നിലപാടെടുത്തതോടെ പ്രതി ഭാഗം ജാമ്യാപേക്ഷ പിന്‍വലിക്കുകയായിരുന്നു. ജസ്റ്റിസ് ബെഞ്ചു കുര്യൻ്റെ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
മെയ് 30 ന് കോടതി കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.തുടര്‍ന്ന് ചൊവ്വാഴ്ച വിശദമായ വാദം കേട്ട കോടതി പ്രതിക്ക് ജാമ്യം നല്കാന് വിസമ്മതിച്ചു. ഇതോടെ പ്രതിഭാഗം വക്കീല്‍ ജാമ്യാപേക്ഷ പിന്‍വലിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഏപ്രില്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി സി എച്ച് ഇബ്രാഹിം ഷബീര്‍ നടുറോഡില്‍ കാര്‍ വിലങ്ങിട്ട് സഹോദരിമാരെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തത്. ഇതിനിടയിലാണ് പ്രതി കോടതിയില്‍ നിന്ന് റംസാന് മുന്നെ ഇടക്കാല ജാമ്യം നേടിയത്. സഹോദരിമാര്‍ക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ നേരത്തെ തിരുരങ്ങാടി മുസ്ലീം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി ട്രഷറര്‍ റഫീക്ക് പാറക്കലിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയുടെ ഇടക്കാല ജാമ്യം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ പോലീസ് തയ്യാറാകണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. എഐവൈഎഫ് ആണ് സഹോദരിമാര്‍ക്ക് നിയമസഹായം നല്കി വരുന്നത്.