ദ്രൗപദി മുർമുവിന് രാജ്യത്തിന്റെ പിന്തുണ; എല്ലാ വോട്ടും കൊടുത്ത് മൂന്ന് സംസ്ഥാനങ്ങൾ; കേരളത്തിൽ നിന്നും ഒരു വോട്ട്
ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിനെ പൂർണമായും പിന്തുണച്ച് മൂന്ന് സംസ്ഥാനങ്ങൾ. ആന്ധ്രാപ്രദേശ്, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് മുഴുവൻ വോട്ടുകളും ദ്രൗപതി മുർമുവിന് നൽകിയത്.
ആന്ധ്രാപ്രദേശിൽ ആകെ 173 വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവനായും ദ്രൗപദി മുർമുവിന് ലഭിച്ചു. ഇതിലൂടെ 27,507 വോട്ട് മൂല്യമാണ് മുർമുവിന് ലഭിച്ചത്. സംസ്ഥാനത്ത് നിന്ന് ഒരു വോട്ട് പോലും അസാധുവായില്ല.
നാഗാലാൻഡിലെ 59 വോട്ടുകളും മുർമുവിന് ലഭിച്ചു. 531 ആണ് ഈ വോട്ടുകളുടെ മൂല്യം. സംസ്ഥാനത്ത് നിന്നുള്ള ഒരു വോട്ട് പോലും അസാധുവായില്ല. സമാനമായ രീതിയിൽ സിക്കിമിൽ നിന്നുള്ള 32 വോട്ടുകളും ദ്രൗപദി മുർമുവിന് ലഭിച്ചു.
പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ മൂന്ന് സംസ്ഥാനങ്ങൾ പൂർണമായും തഴഞ്ഞപ്പോൾ മുർമുവിന് മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് പോലും ലഭിക്കാൻ സാദ്ധ്യതയില്ലാതിരുന്ന കേരളത്തിൽ നിന്നും ഒരു വോട്ട് മുർമുവിന് ലഭിച്ചു. മുർമുവിന് ഏറ്റവും കുറവ് വോട്ട് ലഭിച്ച സംസ്ഥാനം ആണ് കേരളം.