പ്രതിഷേധം ‘കത്തി’ക്കയറി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിച്ചു
ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് നടത്തിയ കോലം കത്തിക്കല്‍ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീ പിടിച്ചു. രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിലെടുത്തതിനെതിരെ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗണ്‍സിലറുമായ പി എസ് വിബിന് ചെറിയ രീതിയില്‍ പൊള്ളലേറ്റു. സുല്‍ത്താന്‍ പേട്ട് റോഡ് ഉപരോധത്തിനിടെയുള്ള പ്രവര്‍ത്തകരുടെ ആവേശം അപകടത്തിലേക്ക് നയിച്ചത്.
തീ പടര്‍ന്ന മുണ്ടുമായി പൊലീസുകാര്‍ക്കിടയിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഓടിക്കയറിയത്. ഉടനെ മുണ്ട് ഊരിയെറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. മറ്റ് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രത്തിലും തീ പിടിച്ചിരുന്നു. ഒടുവില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. അവശ്യസാധനങ്ങളുടെ ജിഎസ്ടി വര്‍ധനക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രപതി ഭവന് മാര്‍ച്ചിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടെയായിരുന്നു അപകടം.