ഇരുനില വീട് ഇടിഞ്ഞു താഴ്ന്നു; ഉറങ്ങിക്കിടക്കുകയായിരുന്ന 13കാരൻ മരിച്ചു

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് സൗത്തു പരുത്തിവേലിപ്പടിയിൽ ഇരുനിലവീട് ഇടിഞ്ഞുതാഴ്ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പതിമൂന്നുകാരൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ഹരിനാരായണൻ ആണ് മരിച്ചത്. കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിക്ക് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന്‌ല രാവിലെ 6.45-നാണ് നാടിനെ നടുക്കിയ സംഭവം. രണ്ടുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞാണ് ദുരന്തം ഉണ്ടായത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ഏഴു പേർ ഉണ്ടായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്നവരാണ് വീടിനടിയിൽ കുടുങ്ങിയത്. അപകട സമയത്തു മുത്തച്ഛനും ചെറുമകനും മാത്രമാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരിൽ ഒരാൾ മുകളിലെ നിലയിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു.

പെരുമ്പാവൂർ മുവാറ്റുപുഴ നിലയങ്ങളിൽ നിന്നുള്ള അഗ്‌നിരക്ഷാസേനാ യൂണിറ്റുകൾ ജെസിബി ഉപയോഗിച്ച് വീടിന്റെ പിൻവശം പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ലാബിനും കട്ടിലിനും ഇടയിൽ ഞെരുങ്ങിയ നിലയിലയിൽ കിടന്നിരുന്ന രണ്ടു പേരെയും കട്ടിലിന്റെ കാലുകൾ മുറിച്ചുമാറ്റി പുറത്തെടുക്കുകയായിരുന്നു. രണ്ടു ദിവസമായി മഴയുണ്ടായിരുന്നതിനാൽ ഭിത്തി ഇരുന്നതാണെന്നു കരുതുന്നു.