എ കെ എസ് ടി യു ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മലപ്പുറം: വര്‍ഗ്ഗീയവല്‍ക്കരിക്കുകയും കോര്‍പ്പറേറ്റ് വല്‍ക്കരിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയം തിരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് മുഴുവന്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ ഡി ഡി ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി എം. വിനോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എം. ആശിഷ്, ജില്ലാ സെക്രട്ടറി അനൂപ് മാത്യൂ ,പ്രസിഡണ്ട് യു എസ് പ്രദീപ്, ട്രഷറര്‍ വി കെ ശ്രീകാന്ത് , മലപ്പുറം ഉപജില്ല സെക്രട്ടറി റാഫി തൊണ്ടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
ഉച്ചഭക്ഷണ തുക വര്‍ദ്ധിപ്പിക്കുക, ഹയര്‍സെക്കന്ററി ജൂനിയര്‍ അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നല്കുക, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ശനി പ്രവൃത്തി ദിനമാക്കുന്നത് ഒഴിവാക്കുക, ഭിന്നശേഷിനിയമത്തിന്റെ പേരില്‍ തടസ്സപ്പെട്ട നിയമനങ്ങള്‍ അംഗീകരിക്കാന്‍ നടപടിയെടുക്കുക, ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്‌ചെയ്യുക, മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ നിയമനം അംഗീകരിക്കുക, കല, കായികാധ്യാപക പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുക, ഡയറ്റുകളില്‍ അധ്യാപകനിയമനം നടത്തുക, തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.
നേരത്തെ മുനിസിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് നിന്ന് തുടങ്ങിയ മാര്‍ച്ചിന് എം ഡി മഹേഷ്,പി എം സുരേഷ്,ഷീജ മോഹന്‍ദാസ്,മുഹമ്മദ് റാഫി,കെ രാഗേഷ്,പി ടി സൈഫുദ്ധീന്‍,സുബി സക്കറിയ,സി കെ പത്മരാജ് എന്നിവര്‍ നേതൃത്ത്വം നല്‍കി.