സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ഓഗസ്റ്റ് മൂന്ന് ) ജില്ലാകലക്ടർ വി. ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല.

തൃശ്ശൂരിൽ മഴമൂലം 7 വീടുകൾ ഭാഗികമായി തകർന്നു. ചാലക്കുടിയിൽ മൂന്നും, തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാവക്കാട് മേഖലയിൽ ഓരോ വീടുകളുമാണ് തകർന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരങ്ങളും ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. രാത്രിയാവുന്നതിന് മുമ്പ് ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചാലക്കുടി പുഴയുടെ വെട്ടുകടവ് പാലത്തിനു താഴെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ ഒഴുകിയെത്തിയ മരങ്ങള്‍ നീക്കം ചെയ്തു.

ഇരിങ്ങാലക്കുടയില്‍ കനത്ത മഴയില്‍ വീടുകളുടെ മതില്‍ ഇടിഞ്ഞ് വീണു,പൊറുത്തിശ്ശേരിയിലും ആസാദ് റോഡിലുമാണ് മതിലുകള്‍ തകര്‍ന്ന് വീണത്. പൊറുത്തിശ്ശേരി കല്ലട ബസ് സ്റ്റോപ്പ് പരിസരത്തുള്ള പുത്തൂര്‍ രമേശിന്റെ വീടിന്റെ മതിലാണ് തകര്‍ന്ന് വീണത്. വേളാങ്കണ്ണി നഗറില്‍ പടമാടന്‍ പോള്‍, കടങ്ങോട്ട് ആനി,കോട്ടോളി ആനി, പയ്യപ്പിളളി എല്‍സി എന്നിവര്‍ താമസിക്കുന്ന നാല് വീടുകളുടെ പുറകിലുള്ള മതിലാണ് വീണത്. അപകട ഭീഷണിയെ തുടര്‍ന്ന് അംഗന്‍വാടിയിലേക്കും ബന്ധുവീടുകളിലേക്കുമായി ഇവര്‍ മാറി.

കണ്ണൂരിൽ ഒഴുക്കിൽ പെട്ട മൂന്ന് പേരുടെ മൃതദേഹവും കിട്ടി. എൻ ഡി ആർ എഫും സൈന്യവും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ചു.

10 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ അതിശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. തുടർച്ചയായ ഉരുൾപ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

മൂന്ന് നദികളില്‍ പ്രളയ സാധ്യത

മണിമലയാർ, നെയ്യാർ, കരമനയാർ നദികളിള്‍ പ്രളയ മുന്നറിയിപ്പ് ഉണ്ട്. മണിമലയാർ രണ്ട് ഇടങ്ങളിൽ അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്.