കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 2 പേർ പിടിയിൽ; മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ കൂടി പിടിയിൽ. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമാണ് ഒരു കിലോ 656 ഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയത്. മിശ്രിത രൂപത്തിലുള്ള സ്വർണ ഗുളികകൾ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. പിടികൂടിയ സ്വർണത്തിന് 85,64,000 രൂപ വില മതിപ്പുണ്ടെന്ന് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

ഒരു യാത്രക്കാരനിൽ നിന്ന് 664.9 ഗ്രാം സ്വർണവും രണ്ടാമത്തെ യാത്രക്കാരനിൽ നിന്ന് 991.5 ഗ്രാം സ്വർണവുമാണ് കണ്ടത്തിയത്. ഒരാൾ മൂന്നു ഗുളികകളിലും മറ്റൊരാൾ നാല് ഗുളികകളിലും സ്വർണം ഒളിപ്പിച്ച് മലദ്വാരത്തിൽ വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇൻഡിഗോ എയർവേയ്‌സ് വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശി ഉൾപ്പെടെ രണ്ടുപേരാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അസിസ്റ്റന്റ് കമ്മീഷണർ, സിനോയ് കെ മാത്യു, സൂപ്രണ്ടുമാരായ എം പ്രകാശ്, കപിൽ ദേവ് സുറിറ, ഹർഷിത് തിവാരി, എം സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്. അടുത്തകാലത്തായി കരിപ്പൂരിൽ കോടികളുടെ സ്വർണമാണ് കസ്റ്റംസും പോലീസും പിടികൂടിയത്. നടപടിയുണ്ടായിട്ടും യാതൊരു കൂസലുമില്ലാതെ സ്വർണക്കടത്ത് തുടരുകയാണ്.