യാത്രക്കാരനിൽ നിന്ന് സ്വർണം കൈക്കലാക്കി; 2 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവീൽദാർ സനിത് എന്നിവരേയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് .
യാത്രക്കാരൻ കടത്തിയ സ്വർണ്ണ ക്യാപ്സ്യൂളുകൾ കൈക്കലാക്കിയെന്ന പരാതിയിലാണ് നടപടി.
ഈ കഴിഞ്ഞ ജൂലൈ 26 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഷിഹാബ് എന്ന യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ 2 സ്വർണ ക്യാപ്സ്യൂളുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കൈക്കലാക്കിയെന്നാണ് പരാതി.
ഷിഹാബ് സ്വർണം കടത്തുന്നുണ്ടെന്ന് കസ്റ്റംസിനും പോലീസിനും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിമാനത്താവളത്തിൽ ടെർമിനലിന് പുറത്ത് കാത്ത് നിന്ന് ഷിഹാബിനെ പിടികൂടി.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ കൈക്കലാക്കി എന്ന് പോലീസിന് വിവരം ലഭിച്ചു. ഇക്കാര്യം ഇന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലീസ് അറിയിക്കുകയായിരുന്നു.
വിമാനത്താവളത്തിൽ എത്തിയ ഷിഹാബിനെ പരിശോധനക്കായി കസ്റ്റംസ് ഉദ്യോഗസ്ഥർ സംസാരിച്ചു കൊണ്ട് സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് രണ്ട് പേരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. അതേസമയം സംഭവത്തിൽ കസ്റ്റംസ് അധികൃതരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.