കള്ളവോട്ട് തടയുന്നതിനും ഒരാൾ തന്നെ രണ്ടിടങ്ങളിൽ വോട്ട് ചെയ്യുന്നത് തടയാനും പുതിയ നീക്കം


തിരുവനന്തപുരം: കള്ളവോട്ട് തടയാനാണ് ആധാറിനേയും വോട്ടർ ഐഡി കാർഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്നത്. വോട്ടെടുപ്പിലെ സുതാര്യത ഉറപ്പാക്കാനാണ് ഇത്. ഇതിന് വേണ്ടിയുള്ള നടപടിയും തുടങ്ങി. വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകർക്ക് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. നിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രം വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കുന്നത്. ഭാവിയിൽ ഇത് നിർബന്ധമാകും. ആധാറില്ലാത്തവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാൽ അസാധ്യമായി മാറുകയും ചെയ്യാൻ സാധ്യത ഏറെയാണ്.

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ പുതിയൊരു ദിശാബോധമാണ് നൽകുന്നത് എന്നാണ് വിലയിരുത്തൽ.തിരഞ്ഞെടുപ്പ് നിയമ ഭേദഗതിക്കായി വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കള്ളവോട്ട് തടയുന്നതും, വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതുമാണ് പുതിയ നിയമഭേദഗതി. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടി ക്രമത്തിൽ നിർണായക പരിഷ്‌കാരത്തിനാണ് കേന്ദ്ര സർക്കാർ തുടക്കം കുറിക്കുന്നത്. എന്നാൽ ഇതിനെ സിപിഎം എതിർക്കുകയാണ്.

അതിനിടെ വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള പ്രക്രിയ കൂടിയാലോചനകൾ നടത്താതെ തെരഞ്ഞെടുപ്പ് കമ്മിഷൻ പുനരാരംഭിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്തയച്ചു. ഡാറ്റ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനത്തിനും അർഹരായ വോട്ടർമാർ വോട്ടർപട്ടികയിൽനിന്ന് പുറത്താകാനും ഇടയാക്കുന്നതാണ് നടപടി. 2015ൽ സുപ്രീംകോടതി നിർത്തിവയ്ക്കുന്നതിനുമുമ്പ് രാജ്യത്തെ 31 കോടി വോട്ടർമാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018ലെ തെലങ്കാന തെരഞ്ഞെടുപ്പിൽ ഒട്ടേറെ യഥാർഥ വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായി.

രാജ്യത്ത് ഡാറ്റയോ സ്വകാര്യതയോ സംരക്ഷിക്കാൻ നിയമമില്ല. വോട്ടർമാരുടെ ആധാർവിവരങ്ങൾ സൂക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷനും നയമില്ല. വോട്ടർപട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് പറയുന്നു. എന്നാൽ, ആധാറിൽത്തന്നെ ഇരട്ടിപ്പുണ്ടെന്ന് സിഎജി ഓഡിറ്റിൽ വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ ഡാറ്റ സർക്കാർ നിരീക്ഷണ സംവിധാനങ്ങൾക്ക് ലഭിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണ്. ഇത്തരം പിഴവുകളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ അന്വേഷണ റിപ്പോർട്ട് വരുംവരെ വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർത്തിവയ്ക്കണം എന്നാണ് സിപിഎം നിലപാട്.

വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാൻ അനുമതി നൽകിയ ജനപ്രാതിനിധ്യ നിയമഭേദഗതി- 2021 നിലവിൽവരുന്നതിനുമുമ്പ് സമാഹരിച്ച എല്ലാ ആധാർവിവരങ്ങളും നീക്കംചെയ്യണം. പുതുതായി ബന്ധിപ്പിക്കുന്നതിന്റെ സാങ്കേതികപ്രക്രിയയും സ്വകാര്യതാനയവും രാഷ്ട്രീയപാർട്ടികളുമായി പങ്കിടണം. ഈ സംവിധാനം ഐച്ഛികമായതിനാൽ വോട്ടർപട്ടിക ആധാർ ബന്ധിപ്പിക്കൽ അവസാനിപ്പിക്കാൻ വോട്ടർമാർക്ക് അവകാശം നൽകണം. എൻപിആർ, എൻആർസി പോലുള്ള പദ്ധതികൾക്കായി ഈ വിവരശേഖരം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറാനുള്ള ഏതു നീക്കത്തെയും എതിർക്കുമെന്നും കത്തിൽ സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

എന്നാൽ കള്ളവോട്ട് തടയുന്നതിനും ഒരാൾ തന്നെ രണ്ടിടങ്ങളിൽ വോട്ട് ചെയ്യുന്നത് തടയാനും നിയമ ഭേദഗതിയിലൂടെ സാധിക്കും എന്നാണ് വിലയിരുത്തൽ. ഈ നടപടികളാണ് ഇലക്ഷൻ കമ്മീഷനും തുടങ്ങുന്നത്. ഇനി ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് തിയതികളിൽ പതിനെട്ട് വയസ്സ് തികയുന്നത് മാനദണ്ഡമാക്കി വർഷത്തിൽ നാല് തവണ വോട്ടർ പട്ടിക പുതുക്കുന്നതിനും നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. നിലവിൽ വർഷത്തിൽ ഒരു തവണ മാത്രമാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്. തിരഞ്ഞെടുപ്പ് നിയമഭേദഗതി കഴിഞ്ഞ സമ്മേളന കാലയളവിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു.

നിയമഭേദഗതിയുടെ ഭാഗമായി പാർലമെന്റിന്റെ നിയമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ഒറ്റ വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് വോട്ടർപട്ടിക തയ്യാറാക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക തയ്യാറാക്കാനുള്ള ചുമതല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടർപട്ടിക തയ്യാറാക്കി എല്ലാ തിരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തുക എന്നതായിരുന്നു സ്റ്റാന്റിങ് കമ്മിറ്റിയുടെ ശുപാർശ. ഇതോടെ തദ്ദേശ തിരിഞ്ഞെടുപ്പിലും അട്ടിമറി ഒഴിവാകും.

നിലവിൽ പട്ടികയിൽ പേരുള്ളയാൾക്കു തന്റെ ആധാർ നമ്പർ തിരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ, വോട്ടർ ഹെൽപ്ലൈൻ ആപ് മുഖേനയോ, ഫോം 6 ബിയിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നവർക്കു ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താം. നിലവിൽ എല്ലാ വർഷവും ജനുവരി 1 യോഗ്യതാ തീയതിയിൽ 18 വയസ്സ് പൂർത്തിയാകുന്ന അർഹരായ ഇന്ത്യൻ പൗരന്മാർക്കാണു പട്ടികയിൽ പേരു ചേർക്കുന്നതിന് അവസരമുണ്ടായിരുന്നത്.

ഇനി മുതൽ ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നീ നാല് യോഗ്യതാ തീയതികളിലും 18 വയസ്സ് പൂർത്തിയാകുന്ന പൗരന്മാർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാം. ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഒരു വാർഷിക പുതുക്കൽ ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ തുടർന്നു വരുന്ന 3 യോഗ്യതാ തീയതികളിൽ (ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1) 18 വയസ്സ് പൂർത്തിയാക്കുന്നവർക്കും പട്ടികയിൽ പേരു ചേർക്കുന്നതിനു മുൻകൂറായി അപേക്ഷ സമർപ്പിക്കാം. 2023ലെ വാർഷിക പുതുക്കൽ ഈയാഴ്ച തുടങ്ങും. ഈ സമയത്തു മുൻകൂറായി ഫോം 6 നൽകാൻ കഴിഞ്ഞില്ലെങ്കിലും തുടർന്നു വരുന്ന യോഗ്യതാ തീയതികളിൽ സമർപ്പിക്കാം.