കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാസിസത്തിന്റെ മുഖമുദ്ര- എന്‍ കെ പ്രേമചന്ദ്രന്‍

മലപ്പുറം : മുഖ്യമന്ത്രിക്കെതിരായി പ്രധിഷേധിച്ചു എന്നതിന്റെ പേരില്‍ ഫര്‍സീന്‍ മജീദിനെതിരായി കാപ്പ ചുമത്തി നാട് കടത്താനുള്ള പിണറായി വിജയന്റെ ഗവണ്‍മെന്റ് നടപടി ഫാസിസ്റ്റ് നടപടിയാണെന്നും, ജനാധിപത്യപരമായി പ്രതിഷേധം നടത്തുന്നവരെ മുഴുവന്‍ കാപ്പ ചുമത്തി നാട് കടത്തിയിരുന്നുവെങ്കില്‍ സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല എന്നുംഎന്‍.കെ പ്രേമചന്ദ്രന്‍ എം.പി  പറഞ്ഞു. ആര്‍ എസ് പി യുടെ 22-ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി മലപ്പുറത്ത് നടത്തിയ ജില്ലാ സമ്മേളനം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പോലും ഭയക്കുന്ന വലിയ തോതിലുള്ള ഉത്കണ്്ഠ പ്രകടിപ്പിക്കുന്ന പിണറായി വിജയന്‍ ഗവണ്‍മെന്റ് കേരളത്തിന് അപമാനമാണെന്നും, കാപ്പ ചുമത്തി നടകടത്തി ജനകീയ പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഭരണാധികാരി ആഗ്രഹിക്കുന്നുവെങ്കില്‍ അധികകാലം ആ ഭരണാധികാരിക്ക് കേരളത്തില്‍ അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്നും, ജനകീയ പ്രക്ഷോഭത്തില്‍ ആ ഭരണകൂടം ഒഴിച്ച് പോകുന്ന അവസ്ഥയുണ്ടാവുമെന്നും, കേരളം കണ്ട ഏറ്റവും വലിയ ഏകാധിപത്യ ഭരണാധികാരിയായി പിണറായി വിജയന്‍ മാറിയിരിക്കുന്നു എന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ആര്‍ എസ് പി ജില്ലാ സമ്മേളനം എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു


നരേന്ദ്രമോഡിയുടെ കാര്‍ബണ്‍ പതിപ്പാണ് കേരളം ഭരിക്കുന്ന പിണറായി വിജയന്‍ ഗവണ്‍മെന്റ് എന്നും, കേന്ദ്രത്തില്‍ മോഡിക്കെതിരെ വിയോജിക്കുന്നവരെയും, വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നവരെയും കേസില്‍ കുടുക്കി ഉപദ്രവിക്കുന്നത് പോലെ കേരളത്തില്‍ പിണറായി വിജയനെതിരായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ മുഴുവന്‍ കേസുണ്ടാക്കി ഉന്‍മൂലനം ചെയ്യാന്‍ വേണ്ടിയിട്ടുള്ള ഹീനായ നടപടിയാണ് കേരളത്തില്‍ തുടരുന്നത് എന്നും, ഫാസിസത്തിന്റെ രണ്ട് മുഖങ്ങളാണ് കേരളത്തില്‍ പിണറായി വിജയനും, കേന്ദ്രത്തില്‍ നരേന്ദ്രമോഡി എന്നും, രണ്ടും ജനാധിപത്യത്തിലെ ഏറ്റവും വലിയ അപകടകരമായിട്ടുള്ള അവസ്ഥയാണെന്നും, ഈ രണ്ട് ആപല്‍കര പ്രതിഭാസങ്ങളെയും അതിജീവിച്ച് മുന്നോട്ട് പോകുവാന്‍ ജനാധിപത്യ മതേതര ശക്തികളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ശക്തമായ കൂട്ടായ്മ ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. എ സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം അഡ്വ.എ.കെ ഷിബു സ്വാഗതവും കാടാമ്പുഴ മോഹനന്‍ നന്ദിയും  പറഞ്ഞു.
ജില്ലാ സെക്രട്ടറി വെന്നിയൂര്‍ മുഹമ്മദ് കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വക്കെറ്റ് രാജേന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം റംഷീദ് വെന്നിയൂര്‍, യു.ടി.സി ജില്ലാ പ്രസിഡന്റ് പനക്കല്‍ സിദ്ദീഖ്, മുഹമ്മദ് ഇസ്ഹാഖ്, സൈഫുദ്ദീന്‍ പാലക്കല്‍, എ.എ അസീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പി.സുരേന്ദ്രന്‍ രക്ത സാക്ഷി അനുസ്മരണം നടത്തി. 21 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി അഡ്വ. എ.കെ ഷിബു എന്നവരെ തിരഞ്ഞെടുത്തു.