പ്രഗ്നാനന്ദ കാള്‍സണെ പരാജയപ്പെടുത്തിയത് എങ്ങനെ?

മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റര്‍ രമേശ് ബാബു പ്രഗ്നാനന്ദ. എന്നാല്‍ പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ടൂര്‍ണമെന്റ് ചാമ്പ്യന്‍ കാള്‍സണ്‍ തന്നെയാണ്. മത്സര ദിവസം രാവിലെ പ്രഗ്നാനന്ദയുടെ സഹോദരി അവനൊരു സന്ദേശമയച്ചു, ‘വിഷമിക്കേണ്ട, മാഗ്നസിനെ തോല്‍പ്പിച്ചാല്‍ മതി’ എന്നായിരുന്നു സന്ദേശം. തിങ്കളാഴ്ച ഒരു ടൈ ബ്രെയ്ക്കറിലൂടെ രണ്ടാം സ്ഥാനം ഉറപ്പാക്കിക്കൊണ്ടാണ് പ്രഗ്നാനന്ദ ഫൈനലില്‍ എത്തിയത്. ടൂര്‍ണ്ണമെന്റിന്റെ മൂന്നാം മത്സരം വിജയിച്ചതോടെ ടൂര്‍ണമെന്റില്‍ കാള്‍സണ്‍ വിജയം ഉറപ്പിച്ചിരുന്നു. പ്രഗ്നാനന്ദ ഒരു തിരിച്ചുവരവ് നടത്തിയാലും ടൈ ബ്രേക്കറില്‍ എത്തിയതിന്റെ അടിസ്ഥാനത്തില്‍ കാള്‍സണ് കൂടുതല്‍ പോയന്റുകള്‍ ഉണ്ടായിരുന്നു.

അങ്ങനെ രണ്ടാം സ്ഥാനത്തോടെ പ്രഗ്നാനന്ദ 37,000 ഡോളര്‍ സ്വന്തമാക്കി. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഈ 17കാരന്‍ കാൾസണെ പരാജയപ്പെടുത്തിയത്.

‘ഇന്നത്തെ ദിവസം എനിയ്ക്ക് ശരിയായി ഉറങ്ങാന്‍ പറ്റിയില്ല. മികച്ച നിലയിലായിരുന്നില്ല ഞാന്‍. ടൂര്‍ണമെന്റ് വിജയിച്ചതില്‍ സന്തോഷവും ആശ്വാസവും ഉണ്ട്. ഇന്ന് മികച്ച പ്രകടനം നടത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മൂന്ന് കളികളില്‍ തോറ്റത് ലജ്ജാകരമായിപ്പോയി. എന്നാല്‍ മൊത്തത്തില്‍ വളരെ നല്ല ടൂര്‍ണമെന്റായിരുന്നു. ഗെയിം അവസാനം വരെ ഒരേ രീതിയില്‍ കളിക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാലും മികച്ച ഫലം തന്നെയാണ് ലഭിച്ചിരിക്കുന്നത്’ മത്സരം അവസാനിച്ചതിന് ശേഷം കാള്‍സണ്‍ പറഞ്ഞു.

രണ്ട് മത്സരാര്‍ത്ഥികളും ചില പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു. നാലാമത്തെ മത്സരത്തില്‍ 16…b5 എന്ന കാള്‍സന്റെ നീക്കം പ്രാഗ്നന്ദനെ സമ്മര്‍ദ്ദത്തിലാക്കി. ‘കളി കുറച്ചു കൂടി രസകരമാക്കാനാണ് മാഗ്നസ് ശ്രമിച്ചത്. 16…b5 അനാവശ്യമായ ഒരു നീക്കമായിരുന്നു. എന്നെ തോല്‍പ്പിക്കാനുള്ള ശ്രമവും ഒപ്പം കളി അല്‍പം രസകരമാക്കാനുമാണ് അദ്ദേഹം ശ്രമിച്ചതെന്ന് തോന്നുന്നു’ പ്രഗ്നാനന്ദ പറഞ്ഞു.

‘മൂന്നാം മത്സരത്തില്‍ ടൂര്‍ണമെന്റിന്റെ ഫലം ഏകദേശം ഉറപ്പായതോടെ ഞാന്‍ മത്സരം കുറച്ചൂ കൂടി ആസ്വാദ്യകരമാക്കാനാണ് ശ്രമിച്ചത്. മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ ജയപരാജയങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. ആസ്വദിച്ച് കളിക്കാനാണ് പിന്നീട് ശ്രമിച്ചത്. തോറ്റിരുന്നെങ്കില്‍ പോലും അവസാന ഫലത്തെക്കുറിച്ച് എനിയ്ക്ക് സങ്കടപ്പെടേണ്ടതില്ല’ പ്രഗ്നാനന്ദ കൂട്ടിച്ചേര്‍ത്തു.

ഇരുവരും തമ്മില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ കാൾസണ്‍ വിജയത്തിന്റെ വക്കില്‍ എത്തിയിരുന്നു. എന്നാല്‍ 17 കാരന്റെ നീക്കങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് അടിപതറി. ആദ്യ ഗെയിമില്‍ പ്രഗ്നാനന്ദയ്ക്ക് നഷ്ടപ്പെട്ട അവസരത്തെക്കുറിച്ച് പരിശീലകന്‍ ആര്‍ ബി രമേശ് ചെസ് ബേസ് ഇന്ത്യയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിഷമം രേഖപ്പെടുത്തിയിരുന്നു. ‘ആദ്യ മത്സരത്തില്‍ വളരെ വലിയ ഒരു തെറ്റ് പ്രഗ്നാനന്ദയ്ക്ക് സംഭവിച്ചു. മൊത്തത്തില്‍ കളി വളരെ മികച്ചതായിരുന്നു. ബുദ്ധിമുട്ടുള്ള പല ഘട്ടങ്ങളും അവന്‍ അനായാസമായി നേരിട്ടു. അവന്‍ വിജയിച്ച നാലാം റൗണ്ടില്‍ പോലും അനാവശ്യമായ ചില നീക്കങ്ങള്‍ അവന്‍ നടത്തിയിരുന്നു’ പരിശീലകന്‍ പറഞ്ഞു.

‘കാള്‍സണ് റാപ്പിഡ് മത്സരം വളരെ വിഷമകരമായിരുന്നു. എന്നാല്‍ ബ്ലിറ്റ്‌സില്‍ അദ്ദേഹം വിജയിച്ചു. നിരവധി അവസരങ്ങള്‍ പാഴാക്കിയതിനാല്‍ മാഗ്നസ് വലിയ സമ്മര്‍ദ്ദത്തിലായതിനാലായിരിക്കാം മികച്ച രീതിയില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് സാധിക്കാതിരുന്നത്. ആദ്യ റൗണ്ടിലെ 9c.5 നീക്കം പിഴച്ചതില്‍ അദ്ദേഹം നിരാശനായി എന്നാണ് ഞാന്‍ കരുതുന്നത്’ രമേശ് പറഞ്ഞു.