ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതി പിടിയില്‍
മലപ്പുറം: ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതി പിടിയില്‍. കഴിഞ്ഞ 20ന് ഉച്ചക്ക് 1.30 മണിയോടെ കാളികാവ് വെള്ളയൂര്‍ ചിറ്റയില്‍വെച്ച് ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത കേസിൽ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ചരലില്‍ അസറുദ്ദീനെ(27)യാണ് നിലമ്പൂര്‍ ഡാന്‍സാഫ് ടീമും കാളികാവ് പോലീസും ചേര്‍ന്ന് പിടികൂടിയത്.
വണ്ടൂരില്‍ നിന്നും വന്ന് പൂങ്ങോട് ചിറ്റയില്‍ ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് തന്റെ ചെറിയ രണ്ട് കുട്ടികളുടെ കൂടെ നടന്നുപോകുകയായിരുന്ന യുവതിയോട് ‘കുട്ടേട്ടന്‍റെ വീട്ടിലേക്കുള്ള വഴി ഏതാ’ എന്ന് ചോദിച്ച് യുവാവ് ബൈക്ക് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സംസാരത്തിനിടയില്‍ ബൈക്കില്‍ തന്നെയിരുന്ന് യുവതിയുടെ കഴുത്തിലെ മാല പിടിച്ച് വലിച്ച് പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ സ്വര്‍ണ്ണമാല പൊട്ടി ഒരു കഷ്ണം നിലത്തു വീണു. യുവതിയും കുട്ടികളും ഭയന്ന് ആര്‍ത്തു കരഞ്ഞെങ്കിലും കയ്യില്‍ കിട്ടിയ മുക്കാല്‍ പവനോളം തൂക്കം വരുന്ന കഷ്ണവുമായി സത്രീയെ തള്ളിയിട്ട ശേഷം പ്രതി ബൈക്കോടിച്ച് പോയി.
വീഴ്ചയില്‍ സ്ത്രീക്ക് പരിക്ക് പറ്റിയതിനാല്‍ പിന്നീട് ചികിത്സ തേടി. സ്ത്രീ പറഞ്ഞ പ്രതിയുടെ വസ്ത്രത്തിന്റെ അടയാളങ്ങള്‍ നോക്കി സംഭവസ്ഥലത്ത് നിന്നും അഞ്ചോളം കിലോമീറ്റര്‍ അകലെയുള്ള സി.സി.ടി.വി. ക്യാമറയില്‍ നിന്നും ലഭിച്ച മങ്ങിയ ദൃശ്യം മാത്രമായിരുന്നു പോലീസിന്റെ ഏക കച്ചിത്തുരുമ്പ്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ കാളികാവ് പോലീസും നിലമ്പൂര്‍ ഡാന്‍സാഫ് ടീമും സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് രണ്ട് ദിവസത്തെ അന്വേഷണത്തിനുശേഷം പോലീസിന് വാഹനത്തിന്റെ നമ്പര്‍ ലഭിച്ചെങ്കിലും മൂന്ന് മാസം മുമ്പ് ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ സ്വദേശിയുടെ പേരിലുള്ള ബൈക്കിന്റെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചത് പോലീസിനെ കുഴക്കി.
തുടര്‍ന്ന് മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ സി.സി.ടി.വി.ക്യാമറകള്‍ കേന്ദ്രീകരിച്ചും മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്ന് നാലാം ദിവസം പിടിക്കപ്പെടാതിരിക്കാന്‍ പല കുറുക്കുവഴികളും മുന്‍കരുതലുമെടുത്ത പ്രതിയിലേക്ക് പ്രത്യേക അന്വേഷണ സംഘമെത്തി. സമ്പന്ന കുടുംബത്തിലെ യുവാവിനെ പ്രതിയായി കണ്ടത് പോലീസിനേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തി. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടതില്‍ വന്ന താല്‍ക്കാലിക സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഈ കൃത്യത്തിന് മുതിര്‍ന്നതെന്ന് പ്രതി പറയുന്നു. രണ്ടാഴ്ചയോളമായി മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രതി വ്യജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കുമായി മാലപൊട്ടിക്കാനായി അവസരം നോക്കി കറങ്ങിയിരുന്നതായും പോലീസ് കണ്ടത്തി. പ്രതി ഇത്തരത്തില്‍ വേറെയും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മോഷണം നടന്ന സ്ഥലത്തും മാല വില്‍പ്പന നടത്തിയ പാലക്കാട് ജില്ലയിലെ വല്ലപ്പുഴയിലും അറസ്റ്റ് ചെയ്ത പ്രതിയുമായി കാളികാവ് പോലീസ് തെളിവെടുപ്പ് നടത്തി. സ്വന്തം നാട്ടില്‍ നിന്നും കിലോമീറ്റുകള്‍ സഞ്ചരിച്ച് തന്നെ തിരിച്ചറിയാത്ത നാടുകളില്‍ പോയി പ്രൈവറ്റ് ബസുകളുടെ പുറകില്‍ ബൈക്കില്‍ സഞ്ചരിച്ച് ഓരോ സ്റ്റോപ്പിലും ഇറങ്ങുന്ന സത്രീകളെ നിരീക്ഷച്ചായിരുന്നു മാല പൊട്ടിക്കാന്‍ പ്രതി പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരി പ്രതിയെകണ്ട് തിരിച്ചറിഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കാളികാവ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ പിള്ള , എസ്.ഐ ടിപി. മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള കാളികാവ് പോലീസും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെയും നിലമ്പൂര്‍ ഡി.വൈ.എസ്.പിയുടേയും കീഴിലെ ഡാന്‍സാഫ് ടീമംഗങ്ങളായ എസ്.ഐ. എം. അസ്സൈനാര്‍. സുനില്‍ എന്‍.പി, അഭിലാഷ് കൈപ്പിനി, ആസിഫലി കെ.ടി, നിബിന്‍ ദാസ് ടി, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയത്.