സ്വര്‍ണ്ണക്കടത്ത് കൊലപാതകക്കേസ്; ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനപ്രതികളിൽ ഒരാൾ കൂടി പിടിയിൽ
മലപ്പുറം: കോഴിക്കോട്ടെ സ്വര്‍ണ്ണക്കടത്ത് കൊലപാതകക്കേസായ പെരുവണ്ണാമുഴി പന്തീരിക്കരയില്‍ ഇര്‍ഷാദ് കൊലക്കേസിൽ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശി പുഴക്കാട്ട് കുണ്ടില്‍ ജുനൈദ് എന്ന ബാവ (37) കോരംകുന്ന് എന്നയാളാണ് അറസ്റ്റിലായത്. വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേരളത്തിന് പുറത്തും വയനാട്ടിലുമായി ഒളിവില്‍ കഴിഞ്ഞ് വരവെയാണ് ഇയാളെ പിടികൂടിയത്. ജുനൈദ് വഴിക്കടവിലെ സ്വന്തം വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പിടികൂടിയത്.
സ്വര്‍ണ്ണക്കടത്തു സംഘം തട്ടി കൊണ്ട് പോകല്‍ കേസിലെ പ്രധാന കണ്ണിയാണ് പ്രതി. ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച സംഘത്തില്‍ വഴിക്കടവ് സ്വദേശി ജുനൈദും ഉണ്ടായിരുന്നുവെന്നാണ് പോലീസിന്‍റെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. കൊലക്കുറ്റം ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണ്ണ കടത്തു കൊലപാതക കേസില്‍ 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ജൂലൈ 6ന് കാണാതായ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്‍റേതാണെന്ന് ഡിഎന്‍എ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്. നേരത്തെ മേപ്പയൂര്‍ സ്വദേശി ദീപകിന്‍റേതെന്ന് കരുതി ഈ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരം ലഭിച്ചത്.
രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകിട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. ജൂലൈ 17ന് പരിസരപ്രദേശത്ത് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയ കാര്യം പോലീസ് അറിഞ്ഞ് എത്തിയപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്‍റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
മെയ് 23 നാണ് ജോലിക്കെന്നും പറഞ്ഞ് ഇര്‍ഷാദ് വയനാട്ടിലേക്ക് പോവുന്നത്. പിന്നാലെ ജുലൈ എട്ടിനാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്ന സന്ദേശം വീട്ടില്‍ ലഭിക്കുന്നത്. വിദേശത്ത് നിന്നും എത്തിച്ച 60 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം തിരികെ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു തട്ടിക്കൊണ്ട് പോയവരുടെ ഭീഷണി.മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തില്‍പെട്ട സബ്ബ് ഇന്‍സ്‌പെക്ടര്‍ എം. അസൈനാര്‍ , പോലീസുകാരായ റിയാസ് ചീനി, പ്രശാന്ത് കുമാര്‍ എസ്,പെരുവണ്ണാമൂഴി ഇന്‍സ്പെക്ടര്‍ സുശീര്‍.പി, എസ് ഐ ബിജു, ബാബു കക്കട്ടില്‍ കോഴിക്കോട് ജില്ല റൂറല്‍ എസ്പി സ്‌ക്വാഡിലെ എസ് ഐ മാരായ രാജീവ് ബാബു, സുരേഷ്. വി.കെ,ബിജു.പി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.