ജര്‍മന്‍ രുചിക്കൂട്ടൊരുക്കി മഅ്ദിന്‍ ഡോയ്ഷ് ഫെസ്റ്റിന് സമാപനം
മലപ്പുറം: കൊതിയൂറും ജര്‍മന്‍ വിഭവങ്ങളും ജര്‍മന്‍ ഭാഷയുടെ സാധ്യതകളും സൗന്ദര്യവും കോര്‍ത്തിണക്കി മഅ്ദിന്‍ ഡോയ്ഷ് ഫെസ്റ്റിന് സമാപനം. മലപ്പുറം പ്രസ്‌ക്ലബുമായി സഹകരിച്ച് മഅ്ദിന്‍ അക്കാദമി പ്രസ്‌ക്ലബ് ഹാളില്‍ ഒരുക്കിയ കാര്‍ണിവല്‍ 2022 ലാണ് 45 ഇന ജര്‍മന്‍ വിഭവങ്ങളുടെ പ്രദര്‍ശനവും ആസ്വാദനവും നടന്നത്.
വിവിധയിനം പഴങ്ങള്‍ ചേര്‍ന്ന പേസ്ട്രികള്‍, കേക്കുകള്‍, ബ്രഡുകള്‍, ഐസ്‌ക്രീം തുടങ്ങി സോസേജുകള്‍, ബീഫ്, ചിക്കന്‍, സാല്‍മണ്‍ മത്സ്യം കൊണ്ടുള്ള സാലഡ്, ഉരുളക്കിഴങ്ങ്, വിവിധയിനം കൂണുകള്‍, കാബേജ് എന്നിവ ചേര്‍ത്തുള്ള വിഭവങ്ങളാണ് ഒരുക്കിയത്.
ബ്രോട്ട്, മൊയിറ്റോസ്, മീറ്റ് ബാള്‍സ്, സാല്‍മന്‍സ്റ്റു, പന്നാക്കോട്ട, ലാബ്‌സ്‌കോസ്, ലമണ്‍ സോസ്, യോഗര്‍ട്ട്, ആപ്പിള്‍ പാന്‍കേക്ക്, ബട്ടര്‍ ക്രീം പാസ്റ്റി, ബ്രൗണി വിത്ത് നട്ട്‌സ്, ബാവറൈന്‍ ക്രീം, ബീഫ് റുളാഡന്‍, വൂസ്റ്റ്, ഡോയ്ഷ്‌ലര്‍ മില്‍ശ് റൈസ്… കേരളത്തിന് തീരെ പരിചിതമല്ലാത്ത പേരും രുചിയും പ്രസ്‌ക്ലബ് ഹാളില്‍ അണി നിരന്നു. ജര്‍മനിയില്‍ തണുപ്പ് കാലത്ത് ഉപയോഗിക്കുന്ന കിന്റര്‍ പുന്‍ഷ് എന്ന പാനീയം നല്‍കി പരിപാടിക്കെത്തിയവരെ സ്വീകരിച്ചു.
മഅദിന്‍ ജര്‍മന്‍ ഡോയ്ഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കുല്ലിയ്യ ഓഫ് ഇസ്ലാമിക് സയന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച ആരംഭിച്ച ജര്‍മന്‍ ഭാഷാ ദിന ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറക്ക് വിവിധ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നും ജര്‍മന്‍ ഭാഷ സ്വായത്തമാക്കിയവര്‍ക്ക് വിവിധ അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഓട്ടോമൊബൈല്‍ രംഗത്ത് ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ രാജ്യമാണ് ജര്‍മനിയെന്നും മലയാളിക്ക് സുഗമമായി പഠനം നടത്താനും തൊഴില്‍ ചെയ്യാനും വളരെ സൗകര്യപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 മുതല്‍ മഅ്ദിനില്‍ ജര്‍മന്‍ പഠിക്കാന്‍ അവസരമുണ്ട്. ഇതിനായി ജര്‍മനിയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സൊസൈറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ജര്‍മന്‍ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് എ വണ്‍ ലെവലില്‍ ജര്‍മനിയിലെ ഭക്ഷണവിഭവങ്ങളെ കുറിച്ചും സംസ്‌കാരങ്ങളെ കുറിച്ചുമാണ് പഠന വിഷയമാകുന്നത്. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മഅദിന്‍ ജര്‍മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ജര്‍മന്‍ വിഭവങ്ങളെ പരിചയപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്. ജോലി, പഠനാവശ്യാര്‍ഥം ജര്‍മനിലേക്ക് പോകുന്നവര്‍ക്ക് അവിടുത്തെ ഭക്ഷണം പൊരുത്തപ്പെട്ടു പോവാന്‍ പ്രയാസമില്ലെന്ന് ബോധ്യപ്പെടുത്തുക കൂടി ഇതിന്റെ ലക്ഷ്യമാണെന്ന് ഫുഡ് എക്‌സ്‌പോ കോര്‍ഡിനേറ്റര്‍മാരായ ആശിഖ് പറമ്പില്‍ പീടിക, സല്‍മാന്‍ കുമ്പിടി, ഹക്കീം ഏലംകുളം എന്നിവര്‍ പറഞ്ഞു.
മഅദിന്‍ ജര്‍മന്‍ ഇന്‍സ്ട്യൂട്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ജര്‍മനിയില്‍ ജോലി ചെയ്യുന്നവരും അവിടെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുമാണ് ജര്‍മന്‍ ഭക്ഷണ വിഭവങ്ങളൊരുക്കിയത്. പരിപാടിയുടെ ഭാഗമായി വീഡിയോ പ്രസന്റേഷന്‍, സെമിനാര്‍, പ്രസംഗ മത്സരം, പ്രബന്ധ രചന, കോണ്‍വര്‍സേഷന്‍, ഇന്റര്‍വ്യൂ, സര്‍ട്ടിഫിക്കറ്റ് വിതരണം, അവാര്‍ഡ് ദാനം എന്നിവ നടന്നു.
മഅദിന്‍ ഗ്ലോബല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഉമര്‍ മേല്‍മുറി അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍, സെക്രട്ടറി സി.വി രാജീവ്, ട്രഷറര്‍ അബ്ദുറഊഫ്, മഅ്ദിന്‍ ജര്‍മന്‍ ഇന്‍സ്ട്യൂട്ട് ഡയറക്ടര്‍ ഇസ്ഹാഖ്, സൈതലവി സഅദി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മുഹമ്മദ് നൗഫല്‍ കോഡൂര്‍, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സല്‍മാനുല്‍ ഫാഇസ് അദനി, അബ്ദുല്‍ ഹകീം അദനി ഏലംകുളം എന്നിവര്‍ പ്രസംഗിച്ചു.