പൊന്നാനി കര്‍മ പാലം നിര്‍മാണം അവസാനഘട്ടത്തില്‍പാലത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി

പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍. പുഴയോര പാതയായ കര്‍മ്മ റോഡിനേയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ നിര്‍മിക്കുന്ന കര്‍മപാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പാലത്തിലെ കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായി. പത്ത് സ്ലാബുകളുടെ പ്രവൃത്തിയും പൂര്‍ത്തിയായി. നിലവില്‍ നടപാതയുടെ പ്രവൃത്തികളാണ്  പുരോഗമിക്കുന്നത്. ഹാന്റ് റെയില്‍, ടാറിങ്, പെയിന്റിങ് എന്നിവ മാത്രമാണ് പാലത്തില്‍ ഇനി പൂര്‍ത്തീകരിക്കാനുള്ളത്.

കാലാവസ്ഥ അനുകൂലമായാല്‍ ഒന്നര മാസം കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകും. നിലവില്‍ അപ്രോച്ച്  നിര്‍മാണ  പ്രവൃത്തികളും ഡ്രൈനേജിന്റെ നിര്‍മാണ പ്രവൃത്തിയും ചമ്രവട്ടം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിച്ചു. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും അപ്രോച്ച് റോഡുമാണ് ഉണ്ടാവുക. ഇതിനോടനുബന്ധിച്ച് 520 മീറ്റര്‍ ഹാര്‍ബര്‍ റോഡ് നവീകരിക്കും. 330 മീറ്റര്‍ നീളത്തില്‍ ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പള്ളിക്കടവിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങങ്ങള്‍ പ്രകാരമാണ് പാലത്തിന്റെ നിര്‍മാണം. പാലത്തിന്റെ മധ്യത്തില്‍ 45 മീറ്റര്‍ വീതിയും ആറ് മീറ്റര്‍ ഉയരമുണ്ടാകും. കനോലി കനാലിലൂടെയുള്ള ബോട്ട് സര്‍വീസുകള്‍ക്ക് തടസമാകാത്ത തരത്തിലാണ് മധ്യഭാഗത്തെ ഉയരം. ഭാവിയില്‍ കനാലില്‍ വരാനിടയുള്ള ജലഗതാഗത സാധ്യതകള്‍ മുന്നില്‍ കണ്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്.330 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ ഒന്‍പത്  മീറ്റര്‍ വീതിയുള്ള രണ്ട് വരി പാതയാണ് ഉണ്ടാകുക. ഇതിനോട് ചേര്‍ന്ന് ഒരുവശത്ത് രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടു കൂടിയ നടപ്പാതയുണ്ടാകും. 36.28 കോടി ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും ഒരുങ്ങുന്നത്. ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. പാലം      യാഥാര്‍ഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യുന്നതിനും  ഈ വഴി    സഹായകമാകും.