ഓട്ടോയിൽ വലിച്ച് കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയുടെ ജാമ്യം തള്ളി പോക്സോ കോടതി
മലപ്പുറം: 15കാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ പ്രതിയുടെ ജാമ്യംതള്ളി പോക്സോ സ്പെഷ്യല്‍ കോടതി. പതിനഞ്ചുകാരനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയത്. മലപ്പുറം ക്ലാരി പുത്തൂര്‍ കുറ്റിപ്പാല കുണ്ടില്‍ മുസ്തഫ (45)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
2022 ആഗസ്റ്റ് അഞ്ചിന് പകല്‍ 11 മണിക്കാണ് സംഭവം. പ്രതി ഓടിച്ചു വന്ന ഓട്ടോറിക്ഷയില്‍ കുട്ടിയെ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. കോതരപ്പടിയിലെ ഒഴിഞ്ഞ പറമ്പിലേക്ക് കയറ്റി നിര്‍ത്തിയ ഓട്ടോറിക്ഷയില്‍ വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. മുമ്പും പ്രതി സമാനമായ രീതിയില്‍ കുട്ടിയോട് പെരുമാറിയതായും അമ്പതു രൂപ വീതം നല്‍കിയിരുന്നതായും പരാതിയിലുണ്ട്. 2022 ആഗസ്റ്റ് 17ന് കല്പകഞ്ചേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജാമ്യം നിരസിച്ചു
അതേസമയം വിവിധ ഓഡിറ്റോറിയങ്ങള്‍ക്ക് സമീപം വാഹനം നിര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത ബാലികയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്കും സഹായിക്കും മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജാമ്യം നിരസിച്ചു. കരേക്കാട് ചെങ്കണ്ടന്‍പടി വെട്ടിക്കാട്ടില്‍ നിസാമുദ്ദീന്‍ (22), സഹായി ഓട്ടോ ഡ്രൈവര്‍ വളാഞ്ചേരി കരേക്കാട് ചങ്ങണക്കാട്ടില്‍ ലുക്മാനുല്‍ ഹക്കീം (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട 15കാരിയെയാണ് സ്‌കൂളില്‍ പോകുന്ന സമയം വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ബലാല്‍സംഗം ചെയ്തത്. 2021 നവംബര്‍ അഞ്ചിന് കരേക്കാട് ഓഡിറ്റോറിയത്തിന് സമീപത്തും 2021 ഡിസംബര്‍ രണ്ടിന് പൂക്കാട്ടിരി സില്‍വര്‍ പ്ലാസ ഓഡിറ്റോറിയത്തിനു മുന്നിലും നിര്‍ത്തിയിട്ട കാറില്‍ വെച്ചും 2022 മെയ് 10ന് കുളമംഗലം നദാസ് ഓഡിറ്റോറിയത്തിനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ വെച്ചും ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2022 ആഗസ്റ്റ് 29ന് വളാഞ്ചേരി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.