25 കോടിയുടെ ഭാഗ്യവാന്‍ ഇതാ; ഓട്ടോ ഡ്രൈവറായ അനൂപ് ടിക്കറ്റെടുത്തത് ഇന്നലെ

തിരുവനന്തപുരം: 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്‌. വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്.

അനൂപിന്‍റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്. സഹോദരിയില്‍നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.

ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.

66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരംവരെ വിറ്റത്. കഴിഞ്ഞവര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകള്‍വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു.