‘തീവണ്ടിയുടെ പേര് മാറ്റാം, ടിപ്പുവിൻ്റെ പൈതൃകം തിരുത്താനാവില്ല’; കേന്ദ്രത്തെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി
ടിപ്പു എക്സ്പ്രസിൻ്റെ പേര് മാറ്റിയതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് എഐഎംഎം പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി. തീവണ്ടിയുടെ പേര് മാറ്റാൻ കഴിയുമെങ്കിലും ടിപ്പു സുൽത്താൻ്റെ പൈതൃകം തിരുത്താനാവില്ല എന്ന് ഒവൈസി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു-മൈസൂർ സർവീസ് നടത്തുന്ന ടിപ്പു എക്സ്പ്രസിൻ്റെ പേര് മാറ്റി വൊഡെയാർ എക്സ്പ്രസ് എന്നാക്കിയത്.
‘ബിജെപി സർക്കാർ ടിപ്പു എക്സ്പ്രസ് എന്ന പേര് വൊഡെയാർ എക്സ്പ്രസ് എന്നാക്കിയിരിക്കുന്നു. ബ്രിട്ടീഷുകാർക്കെതിരെ മൂന്ന് യുദ്ധം നടത്തിയതുകൊണ്ട് ടിപ്പു ബിജെപിയെ വെറുപ്പിച്ചു. മറ്റൊരു ട്രെയിൻ കൂടി വൊഡെയാറിൻ്റെ പേരിലാക്കാം. ഒരിക്കലും ടിപ്പുവിൻ്റെ പൈതൃകം മായ്ക്കാൻ ബിജെപിക്ക് കഴിയില്ല. ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ബ്രിട്ടീഷുകാരെ വിറപ്പിച്ചു. ബ്രിട്ടീഷ് അടിമകളെ അദ്ദേഹം ഇപ്പോൾ വിറപ്പിക്കുന്നു.’- അസദുദ്ദീൻ ഒവൈസി കുറിച്ചു.