43,200 കോടിയുടെ ആസ്തി, യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ; ഫോബ്സ് പട്ടിക പുറത്ത് 

 

ദുബായ്: ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35-ാം സ്ഥാനമാണ് യൂസഫലിക്ക്. മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്- 32,400 കോടി രൂപ, സ്ഥാനം 45. ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ് 2,8800 കോടി രൂപ, സ്ഥാനം 54. ജോയ് ആലുക്കാസ്- 24,800 കോടി രൂപ, സ്ഥാനം 69. ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 24,400 കോടി രൂപ, സ്ഥാനം 71 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്ഥാനവും ആസ്തിയും.

 

ഗൗതം അദാനിയാണ് ഇന്ത്യയിൽ ഏറ്റവും സമ്പന്നൻ. ആസ്തി 15,000 കോടി ഡോളർ (12 ലക്ഷം കോടി രൂപ). രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനി. ആസ്തി 7.04 ലക്ഷം കോടി രൂപ. രാജ്യാന്തര പട്ടികയിൽ ഗൗതം അദാനി നാലാം സ്ഥാനത്തും മുകേഷ് അംബാനി ഒൻപതാം സ്ഥാനത്തുമാണ്. ഇലോൺ മസ്ക് ആണ് പട്ടികയിൽ ഒന്നാമത്.

 

ഇന്ത്യയിലെ 3,4,5 സ്ഥാനക്കാർ ആസ്തിയുടെ കാര്യത്തിൽ ആദ്യ രണ്ടു സ്ഥാനക്കാരേക്കാൾ വളരെ താഴെയാണ്. ഫാഷൻ റീറ്റെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന രാധാകിഷൻ ധമാനിയും കുടുംബവും (ആസ്തി 2.20 ലക്ഷം കോടി രൂപ), ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈറസ് പൂനാവാല (1,72 ലക്ഷം കോടി), സാങ്കേതിക വിദ്യാ രംഗത്തു പ്രവർത്തിക്കുന്ന (എച്ച്സിഎൽ) ശിവ് നാടാർ (1.71 ലക്ഷം കോടി) എന്നിവരാണ് യഥാക്രമം ആ സ്ഥാനങ്ങളിൽ.

ഒരു ലക്ഷം കോടി രൂപയ്ക്കു മേൽ ആസ്തിയുള്ള സാവിത്രി ജിൻഡൽ, ദിലീപ് സാങ്വി, ഹിന്ദുജ സഹോദരന്മാർ, കുമാർ ബിർല, ബജാജ് കുടുംബം എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളിലെ മറ്റുള്ളവർ.