ഫിഷറീസ് വകുപ്പിന്റെ ലഹരിമുക്ത കേരളം  പരിപാടി സംസ്ഥാനതല ഉദ്ഘാടനം നാളെ ഉണ്ണിയാലിൽ മന്ത്രി  നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) മുഖേന നടപ്പാക്കുന്ന ലഹരിമുക്ത കേരളം – ലഹരി വിമുക്ത പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 16) രാവിലെ 11ന് തേവര്‍ കടപ്പുറം, ഉണ്ണിയാല്‍ (ഹെല്‍ത്ത് സെന്ററിന് മുന്‍വശം) മത്സ്യബന്ധന, കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ.എം.പി അബ്ദുസമദ് സമദാനി, എം.എല്‍.എമാരായ ഡോ.കെ.ടി ജലീല്‍, കുറുക്കോളി മൊയ്തീന്‍, കെ.പി.എ മജീദ്, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ബോധവത്ക്കരണ പരിപാടി, മത്സ്യതൊഴിലാളി സ്ത്രീകളുടെ കലാപരിപാടികള്‍, വടംവലി മത്സരം, ഫുട്‌ബോള്‍ മത്സരം എന്നിവ ഉണ്ടായിരിക്കും.

തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കുറച്ച് ലഹരി വിമുക്തമാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ലഹരിമുക്ത കേരളം – ലഹരി വിമുക്ത പ്രചരണ പരിപാടി. തീരദേശ മേഖലയെ ലഹരി വിമുക്തമാക്കുക എന്ന ഉദേശത്തോടെ സംസ്ഥാന പൊലീസ്, എക്‌സൈസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഒന്‍പത് തീരദേശ ജില്ലകളില്‍ ഒക്‌ടോബര്‍ 16 മുതല്‍ 24 വരെ പ്രചരണ പരിപാടി നടപ്പിലാക്കും.
ചടങ്ങില്‍ വിശിഷ്ടാതിഥികള്‍,  ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, രാഷ്ട്രീയ  സാമൂഹിക പ്രവര്‍ത്തകര്‍, മത്സ്യതൊഴിലാളികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ബൈക്ക് റാലി, വിളംബരജാഥ, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, മത്സ്യതൊഴിലാളി വനിതകളുടെ വടംവലി മത്സരം, ഘോഷയാത്ര, കലാപരിപാടികള്‍, തീരദേശ സ്‌കൂളുകള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് ചിത്രരചന മത്സരം, ആന്റിഡ്രഗ്ഗ് ഷോര്‍ട്ട് വീഡിയോ മത്സരം, മൈലാഞ്ചിയിടല്‍ മത്സരം, മത്സ്യതൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്, തീരദേശ കാല്‍നടയാത്ര, മനുഷ്യചങ്ങല, ദ്വീപം തെളിയിക്കല്‍ എന്നീ പരിപാടികള്‍  ഒക്‌ടോബര്‍ 16 മുതല്‍ 24 വരെ എല്ലാ ജില്ലകളിലും നടക്കും.