‘ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിച്ചുതുടങ്ങി’; നരബലി കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

 

പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. ഇലന്തൂരില്‍ വീണ്ടും തെളിവെടുപ്പ് തുടരും. ഇന്നത്തെ പരിശോധനയില്‍ നാല് വെട്ടുകത്തി കിട്ടിയെന്നും പൊലീസ് പറഞ്ഞു. ഒന്നാം പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ തുടങ്ങിയെന്നും ഡിസിപി എസ് ശശിധരന്‍ പറഞ്ഞു.

 

ഇലന്തൂരിലെ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതികളുമായി പൊലീസ് മടങ്ങി. ഫൊറന്‍സിക് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുകളാണ് ഇന്നുണ്ടായത്. ഭഗവല്‍ സിങ്ങിന്റെ വീട്ടിലും ഫ്രിഡ്ജിനുള്ളിലും രക്തം കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. വീട്ടില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതുന്ന കത്തികളും സംഘം കണ്ടെത്തി.

താനും ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും മനുഷ്യ മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന് ലൈല അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ഭഗവല്‍ സിങ് മാസം തുപ്പിക്കളഞ്ഞെന്നുമാണ് ലൈല അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.