തോല്‍വി ഉറപ്പെങ്കിലും മത്സരിക്കാനിറങ്ങി രാഷ്ട്രീയം വിജയം കൊയ്യുന്ന തന്ത്രം; തോല്‍വിയിലും താരമായി ശശി തരൂര്‍

തോല്‍വി ഉറപ്പായ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് രാഷ്ട്രീയമായി വിജയിച്ച ചരിത്രമുള്ള ആളാണ് ശശി തരൂര്‍. ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനം പോലെ തന്നെയായിരുന്നു ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകാനുള്ള മത്സരവും.

 

എഴുത്തിലും പ്രസംഗത്തിലും നിറഞ്ഞു തുളുമ്പുന്ന ആ ജനാധിപത്യ ബോധം തന്നെയാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലും പകര്‍ത്തിയത്. മത്സരമില്ലാത്ത ജനാധിപത്യം അടിമത്തമാണെന്ന സ്വന്തം വാചകം കൊണ്ട് ജീവിതത്തില്‍ നടത്തിയ പകര്‍ന്നാട്ടം. മുതിര്‍ന്ന നേതാക്കളുടെ പിന്തുണ തട്ടകമായ കേരളത്തില്‍ നിന്ന് പോലും ഉണ്ടായിരുന്നില്ല. പഴയ ജി 23യും തരൂരിനെ എതിര്‍ക്കുന്ന കാര്യത്തില്‍ മാത്രം നേതൃത്വത്തോട് യോജിച്ചു. അതെല്ലാം ഒരു ചിരികൊണ്ട് നേരിടുകയായിരുന്നു ഈ രാജ്യാന്തര നയതന്ത്ര വിദഗ്ധര്‍.

 

തള്ളിപ്പറഞ്ഞവര്‍ തിരിഞ്ഞു നില്‍ക്കും മുന്‍പ് തന്നെ ശശി തരൂര്‍ അവരുടെ മുന്നിലെത്തി വോട്ട് ചോദിച്ചു.ഇന്ത്യന്‍ ജനാധിപത്യത്തിന് തീര്‍ത്തും അപരിചിതമായിരുന്നു ഈ മത്സരം. മിത്രങ്ങളെ പോലെയാകണം പോരാടേണ്ടത് എന്ന നവ ജനാധിപത്യ മൂല്യമാണ് തരൂര്‍ അവതരിപ്പിച്ചത്. അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞവര്‍ ഏറെ ഇല്ല എന്നാണ് പ്രതികരണങ്ങള്‍ തെളിയിച്ചത്. കഴിഞ്ഞ പതിറ്റാണ്ടില്‍ പാര്‍ലമെന്റിലും പൊതുസമൂഹത്തിലെ ചര്‍ച്ചകളിലും കോണ്‍ഗ്രസിന്റെ വജ്രായുധങ്ങള്‍ എല്ലാം വീശിയത് ശശി തരൂര്‍ ആണ്.

 

2006 ഒക്ടോബറിലായിരുന്നു ഐക്യരാഷ്ട്ര സംഘടനയിലെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള മത്സരം. അതുകഴിഞ്ഞ് നാലുമാസം മാത്രമാണ് തരൂര്‍ യുഎന്നില്‍ തുടര്‍ന്നത്. ഇപ്പോള്‍ എഐസിസി മത്സരാനന്തരം ശശി തരൂര്‍ എന്ത് തീരുമാനിക്കുമെന്ന ചോദ്യമുയരുന്നതും അതുകൊണ്ട് തന്നെയാണ്. പ്രഖ്യാപിച്ചതുപോലെ ആയിരത്തിലധികം വോട്ടുകള്‍ നേടിയ ഡോ. ശശി തരൂരിനെ പാര്‍ട്ടി ഇനി ഏതുവിധത്തില്‍ ഉള്‍ക്കൊള്ളുമെന്നതും പ്രയോജനപ്പെടുത്തുമെന്നതും നിര്‍ണായകവുമാണ്.