വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആരോഗ്യ നില തൃപ്തികരം

 

വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. വാസിരാബാദിലെ റാലിക്കിടെ അജ്ഞാതർ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇമ്രാൻഖാന്റെ വലതുകാലിലാണ് വെടിയേറ്റത്.

 

പാകിസ്താനിലെ രാഷ്ട്രീയ അസ്ഥിരതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇമ്രാൻഖാന് നേരെ ഉണ്ടായ ആക്രമണം. സർക്കാർ വിരുദ്ധ റാലിയെ അഭിസംബോധനചെയ്ത് ട്രക്കിനു മുകളിൽ സ്ഥാപിച്ച കണ്ടെയ്നറിൽ നിൽക്കുമ്പോഴായിരുന്നു അക്രമണം. അജ്ഞാതൻ തുരുതുരെ വെടിവയ്ക്കുകയായിരുന്നു.

 

നിലവിൽ പാകിസ്താൻ-ഇ-തെഹ്‌രീക് ഇൻസാഫ് പാർട്ടി ചെയർമാനാണ് അദ്ദേഹം. ഇമ്രാൻ ഖാന് വെടിയേറ്റ സംഭവത്തിൽ അപലപിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രം​ഗത്തെത്തി. ഇമ്രാന് ഉടൻ തന്നെ സുഖം പ്രാപിക്കട്ടെയെന്ന് ഷെഹബാസ് ഷെരീഫ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

 

പിടിഐയുടെ റാലിക്കിടെ വ്യാഴാഴ്ച വൈകിട്ടായിരുന്നു ഇമ്രാൻ ഖാന് വെടിയേറ്റത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇമ്രാന്റെ കാലിൽ നാല് ബുള്ളറ്റുകൾ തറച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇമ്രാനും അണികളും വസീറാബാദിലെ സഫർ അലിഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം.