ഡൽഹി ഉൾപ്പെടുന്ന രാജ്യതലസ്ഥാന പ്രദേശത്ത് വായു നിലവാര സൂചിക ഗുരുതര സ്ഥിതിയിൽ; പ്രൈമറി ക്ലാസുകൾ അടച്ചിട്ടു

തുടർച്ചയായ മൂന്നാം ദിവസവും ഡൽഹി ഉൾപ്പെടുന്ന രാജ്യതലസ്ഥാന പ്രദേശത്തെ വായു നിലവാര സൂചിക ഗുരുതര സ്ഥിതിയിൽ. സമീപ മേഖലയായ ഉത്തർപ്രദേശിലെ നോയ്ഡയിൽ 519ഉം, ഹരിയാനയിലെ ഗുരുഗ്രാമിൽ 534ഉം ആണ് വായു നിലവാര സൂചിക. ഡൽഹിയിലെ പ്രൈമറി ക്ലാസുകൾ ഇന്ന് മുതൽ അടച്ചിട്ടു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളും ഊർജിതമാണ്.

 

പുകമഞ്ഞിനാൽ വീർപ്പുമുട്ടുകയാണ് ഡൽഹി ഉൾപ്പെടുന്ന രാജ്യതലസ്ഥാന പ്രദേശം. വായു മലിനീകരണം കുറയ്ക്കാൻ നടപടികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ആന്റി സ്മോഗ് ഗൺ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്യുന്നത് ഊർജിതമാക്കി. പ്രൈമറി ക്ലാസുകൾക്ക് ഇന്ന് തുടങ്ങി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ ശ്വാസതടസം, കണ്ണെരിച്ചിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

 

വായു നിലവാര സൂചിക ഗുരുതര വിഭാഗത്തിൽ തുടരുന്നുകയാണെന്ന് ഡൽഹിയിലെ മലയാളികൾ പറയുന്നു. ഇന്ന് 413 ആണ് രേഖപ്പെടുത്തിയത്. വായു മലിനീകരണത്തിന്റെ മുഖ്യകാരണം അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു.