ഗവര്‍ണര്‍ ‘പുറത്ത്’; കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കി

കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ പകരം ചാന്‍സലറാകും. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖനാകും പകരം പദവിയിലേക്കെത്തുക. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ആണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കായിരിക്കും പുതിയ നിയമനമെന്നും ഉത്തരവില്‍ പറയുന്നു. ഒരു തവണകൂടി പുനര്‍നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കും. 75 വയസാണ് പ്രായപരിധി. ചാന്‍സലറുടെ അഭാവത്തില്‍ പ്രോ ചാന്‍സലര്‍ ആയിരിക്കും സര്‍വകലാശാലയുടെ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ ചുമതല.

ചാന്‍സര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള നടപടികളുമായി ശക്തമായി മുന്നോട്ടുപോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് അടുത്ത ദിവസം ഗവര്‍ണര്‍ക്ക് അയക്കുമെന്നും സൂചനയുണ്ട്.