ബൈക്ക് അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികന്റെ പണവും സ്വർണാഭരണവും നഷ്ടമായതായി പരാതി. പാലക്കാട് ഷൊർണൂർ കണയം സ്വദേശി രാജന്റെ പണവും സ്വർണാഭരണവുമാണ് നഷ്ടമായത്. പിതാവിന് ഏറെ പ്രിയപ്പെട്ട മോതിരം തിരികെ കിട്ടാൻ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണ് മകൻ രാജേഷ്.

 

സെപ്തംബർ 12ന് പട്ടാമ്പി-കൊളപ്പുളളി റൂട്ടിൽ ചുവന്നഗേറ്റിൽ വെച്ചാണ് രാജൻ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ സ്വകാര്യബസ് ഇടിക്കുന്നത്. ഉടനെ പികെ ദാസ് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് പിതാവിന് പ്രീയപ്പെട്ട മോതിരം അന്വേഷിച്ചപ്പോഴാണ് ആശുപത്രി അതികൃതർ ഇത് മടക്കിതന്നിട്ടില്ലെന്ന് വ്യക്തമായത്.

 

തുടർച്ചയായി ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ ഒപ്പം വന്ന രാഷ്ട്രീയപ്രവർത്തകന് കൈമാറി എന്നാണ് ആശുപത്രി അതികൃതർ നൽകിയ മറുപടി. ഇതിന് പക്ഷേ രേഖകളൊന്നുമില്ല. ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ രാജന്റെ കൈയിൽ മോതിരമുണ്ടായിരുന്നെന്നതിന് സിസിടിവി ദൃശ്യങ്ങൾ തെളിവാണ്. ഡ്യൂട്ടി ഡോക്ടറും മോതിരം കണ്ടതായി വ്യക്തമാക്കുന്നുണ്ട്.

 

പിതാവിന്റെ ഓർമ്മകൾ അവശേഷിക്കുന്ന മോതിരവും പേഴ്‌സും മടക്കി കിട്ടാൻ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് ഇപ്പോൾ മകൻ രാജേഷും കുടുംബവും. അത്യാവശ്യക്കാർ ആരെങ്കിലുമാണ് എടുത്തതെങ്കിൽ തിരിച്ച് തരികയാണെങ്കിൽ പരാതി പിൻവലിക്കാൻ തയ്യാറാണെന്നും മാന്യമായ പ്രതിഫലം നൽകാമെന്നും രാജേഷ് പറയുന്നു.

സെപ്തംബർ 23ന് നൽകിയ പരാതിയിൽ ഒറ്റപ്പാലം പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരേതന്റെ മോതിരവും പണവും എവിടെയെന്ന ചോദ്യത്തിന് ആശുപത്രി അതികൃതരും ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ല.