ഫിഫ ടെക് ടീമിന്‍റെ തീരുമാനം വന്നു; പോർച്ചുഗലിന്റെ ആദ്യഗോൾ ബ്രൂണോയ്ക്ക് അവകാശപ്പെട്ടത്

 

യുറുഗ്വായ്‌ക്കെതിരായ വിജയത്തോടെ പ്രീക്വാർട്ടർ കടന്നിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പോർച്ചുഗീസ് വിജയം. ഒരു പെനാൽറ്റിയടക്കം മത്സരത്തിലെ രണ്ടു ഗോളും ബ്രൂണോ ഫെർണാണ്ടസിന്റെ കാലിൽനിന്നായിരുന്നു .എന്നാല്‍ ബ്രൂണോയുടെ ആദ്യ ഗോളിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തുടരുന്നുണ്ട്.

 

ബ്രൂണോ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് യുറുഗ്വായ് പോസ്റ്റിൽ കടന്നുകയറി. എന്നാൽ, ക്രോസ് ഷോട്ടിന് ബോക്‌സിനകത്ത് ക്രിസ്റ്റ്യാനോ തലവച്ചിരുന്നു. ഗോളിനു പിന്നാലെ ക്രിസ്റ്റ്യാനോ ആഘോഷവും തുടങ്ങി. ഫിഫയടക്കം ആ ഗോൾ താരത്തിന്റെ പേരിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, പിന്നീട് സാങ്കേതിക പരിശോധനയിൽ പന്തിൽ ക്രിസ്റ്റ്യാനോയുടെ തല തട്ടിയില്ലെന്നു മനസിലാക്കി ബ്രൂണോയുടെ പേരിലേക്ക് ഗോൾ മാറ്റുകയുമായിരുന്നു.

 

എന്നാൽ, ആ ഗോളടിച്ചത് ക്രിസ്റ്റ്യാനോ തന്നെയാണെന്നാണ് താനും കരുതിയതെന്നാണ് മത്സരശേഷം ബ്രൂണോ പ്രതികരിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളെന്ന നിലയ്ക്കു തന്നെയാണ് താനും ആഘോഷിച്ചത്. അദ്ദേഹം പന്തിൽ ടച്ച് ചെയ്തിട്ടുണ്ടെന്നാണ് തോന്നിയതെന്നും ബ്രൂണോ വെളിപ്പെടുത്തി. ശക്തരായ എതിരാളികൾക്കെതിരെ വളരെ പ്രധാനപ്പെട്ടൊരു വിജയം സ്വന്തമാക്കാനായി. അടുത്ത ഘട്ടത്തിലേക്ക് കടക്കാനുമായി. അതാണ് പ്രധാനപ്പെട്ട കാര്യം-ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.

 

ഇത് ടീം വർക്കിന്റെ വിജയമാണ്. ടീം ഒന്നാകെ നന്നായി കളിച്ചില്ലെങ്കിൽ താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകില്ല. ആദ്യത്തെ രണ്ടു മത്സരങ്ങളിലും ടീം നന്നായി കളിച്ചു. ഡിയോഗോ കോസ്റ്റ (ഗോൾകീപ്പർ) രണ്ട് പ്രധാനപ്പെട്ട ഷോട്ടുകൾ രക്ഷിച്ചു. അതുകൊണ്ട്, ഓരോ താരങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇതിനിടെ വിഷയത്തില്‍ ഇപ്പോള്‍ ഫിഫ ടെക് ടീമിന്‍റെ ഔദ്യോഗിക തീരുമാനവും വന്നിട്ടുണ്ട്. പന്തിനുള്ളിലെ സാങ്കേതിക വിദ്യ തെളിയിക്കുന്നത് റൊണാൾഡോയുടെ തല പന്തില്‍ കൊണ്ടിട്ടില്ല എന്നുള്ളതാണെന്ന് ഫിഫ ടെക് ടീം വ്യക്തമാക്കിയെന്ന് ഇഎസ്‍പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അതായത് ആ ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് തന്നെ അവകാശപ്പെട്ടതാണ്. അഡിഡാസിന്റെ അൽ റിഹ്‌ല ഒഫീഷ്യൽ മാച്ച് ബോളിൽ സ്ഥാപിച്ചിട്ടുള്ള കണക്റ്റഡ് ബോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

 

ബോളിൽ മാച്ച് ഒഫീഷ്യൽസിന് തത്സമയ ഡാറ്റ നൽകാൻ കഴിയുന്ന സാങ്കേതികവിദ്യ ഉൾപ്പെടുന്നുണ്ട്. സെൻസറുകള്‍ ഉപയോഗിച്ച് കളിക്കാർ നടത്തുന്ന എല്ലാ ടച്ചുകളും ഇത് ക്യാപ്‌ചർ ചെയ്യും. ഓഫ്‌സൈഡ് സാഹചര്യങ്ങളെ അറിയിക്കാനും വ്യക്തമല്ലാത്ത ടച്ചുകൾ കണ്ടെത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ഫിഫ ടെക് ടീം അറിയിച്ചതായി ഇഎസ്പിഎന്‍ വ്യക്തമാക്കി.