കൗമാര കലോത്സവത്തിന്റെ വസന്തം വിതറി മലപ്പുറം ജില്ലാ സ്‌കൂള്‍ കലാമേള; ഇഞ്ചോടിഞ്ച് മത്സരത്തില്‍ കൊണ്ടോട്ടി, മലപ്പുറം ഉപജില്ലകള്‍ മുന്നില്‍
മഞ്ചേി എച്ച്.എം.വൈ.എച്ച്.എസ്.എസ് മുന്നേറ്റം തുടരുന്നു
തിരൂര്‍: കൗമാര കലോത്സവത്തിന്റെ വസന്തം വിതറി മലപ്പുറം ജില്ലാ സ്‌കൂള്‍ കലാമേള. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടതല്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഇഞ്ചോടിഞ്ച് മത്സരങ്ങളാണ് അരങ്ങേറുന്നത്. രാത്രി പത്ത് മണി വരെ പുറത്തു വിട്ട മത്സര ഫലങ്ങളില്‍ 445 പോയിന്റുകളുമായി കൊണ്ടോട്ടി, മലപ്പുറം ഉപജില്ലകള്‍ മുന്നില്‍ നില്‍ക്കുന്നു. വേങ്ങര-437, മങ്കട-436, കുറ്റിപ്പുറം – 433 പോയിന്റുകള്‍ നേടി തൊട്ടുപിന്നാലെ സ്ഥാനം ഉറപ്പിച്ചു. കടുത്ത മത്സരം നടക്കുന്നതിനാല്‍ ഉപജില്ലാ ലീഡ് നില പെട്ടെന്ന് മാറിമറയുന്ന സ്ഥിതിയാണ്.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടി (129) മഞ്ചേി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂള്‍ ഇന്നും മുന്നേറ്റം തുടരുകയാണ്. തൊട്ടു പിന്നാലെ 127 പോയിന്റുമായി സി.എച്ച്.എം.എച്ച്.എസ് പൂക്കളത്തൂരും നിലയുറപ്പിച്ചു.
യു.പി വിഭാഗം ഒപ്പന മത്സരത്തിൽ തിരൂർ ഏഴൂർ എം.ഡി.പി. എസ് സ്കൂൾ ജേതാക്കളായി. ഹയർ സെക്കണ്ടറി വിഭാഗം ഓട്ടൻതുള്ളൽ, യു.പി വിഭാഗം സംഘഗാന മത്സരങ്ങളിൽ മലപ്പുറം സെൻ്റ് ജെമ്മാസും, യു.പി വിഭാഗം ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ ജി.എച്ച്.എസ് പന്നിപ്പാറയും ജേതാക്കളായി.
ഹയർസെക്കൻഡറി വിഭാഗം ലളിതഗാനം മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച് സംസ്ഥാന തലത്തിലേക്ക് പൂക്കളത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും അഭയ സുജേഷ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ കൊട്ടുക്കര പി പി എം ഹയർ സെക്കന്ററി സ്കൂൾ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.
അഞ്ച് ദിനങ്ങളിലായി തിരൂരല്‍ നടക്കുന്ന കലാമേളയില്‍ 11,000 ത്തോളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഒപ്പനയും ഭരതനാട്യവും കോല്‍കളിയുമായി വേദികളെല്ലാം രാത്രിയിലും സജീവമാണ്.
കലോത്സവത്തില്‍ മംഗല്യ ഈരടികള്‍ തീര്‍ത്ത വേദി അഞ്ചിലെ യു.പി വിഭാഗത്തിന്റെ ഒപ്പന മത്സരം കാണാന്‍ കാണികള്‍ തടിച്ചുകൂടി. ബോയ്‌സ് സ്‌കൂളിലെ വേദി ഒന്നില്‍ രാവലി ആരംഭിച്ച ഭരതനാട്യ മത്സരം ഇപ്പോഴും തുടരുകയാണ്. വേദി രണ്ടില്‍ കോല്‍ക്കളി മത്സരങ്ങള്‍ക്കു ശേഷം ഇംഗ്ലീഷ് സ്‌കിറ്റ് മത്സരം പുരോഗമിക്കുകയാണ്. വേദി എട്ട് ബിപി അങ്ങാടി ഗേള്‍സ് സ്‌കൂല്‍ സ്റ്റേജില്‍ ഓട്ടന്‍തുള്ളല്‍ മത്സരവും വേദി നാല് എന്‍.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നാടക മത്സരവും തുടരുകയാണ്.
മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയത് എല്ലാ വേദികളുടെയും താളം തെറ്റിച്ചിരിക്കുകയാണ്. കലോത്സവ മത്സരങ്ങള്‍ കൃത്യസമയത്ത് തുടങ്ങാനാവാത്തത് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
മത്സരാര്‍ത്ഥികള്‍മേയ്ക്കപ്പിട്ട് പുലര്‍ച്ചെ വരെ അവസരം കാത്ത് നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ്. ഒന്നാം വേദിയില്‍ നടക്കേണ്ട ഭരതനാട്യമത്സരം 11 മണിക്കു ശേഷമാണ് തുടങ്ങാനായത്. മറ്റു വേദികളിലും ഇതേ സമയത്തു തന്നെയാണ് മത്സരങ്ങള്‍ തുടങ്ങിയത്. രണ്ടാം ദിനത്തില്‍ മൂന്ന് മണിക്കൂറോളം വൈകിയാണ് വേദികള്‍ പലതും ഉണര്‍ന്നത്. ആദ്യ ദിവസം വേദി രണ്ടില്‍ നടന്ന ചവിട്ടു നാടക മത്സരം പുലര്‍ച്ചെ നാലുമണിക്കാണ് സമാപിച്ചത്. മത്സരാര്‍ത്ഥികള്‍ കൃത്യമസയത്ത് എത്തിച്ചേരാത്തതാണ് വൈകാന്‍ കാരണമെന്ന് സംഘാടകര്‍ പറഞ്ഞു.
ആവേശം ചോരാതെ മത്സര ഫലം കാതോര്‍ത്തിരിക്കുകയാണ് ഓരോ സ്‌കൂളുകളും. ഉപജില്ലാ ലീഡ് മാറിമറയുന്നതിനാല്‍ ആര് കപ്പടിക്കുമെന്നത് പ്രവചിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.