മെസിക്ക് ഗോൾഡൻ ബോൾ; ഹാട്രിക് മികവിൽ ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക് ; മെസി കപ്പിൽ മുത്തമിടുമ്പോൾ ആഹ്ലാദത്തിന്റെ കടലിരമ്പി അര്‍ജന്റീനിയന്‍ തെരുവുകളില്‍

ഖത്തർ ലോകകപ്പിൽ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് സ്വന്തമാക്കി. അർജന്റീനയെ ഫൈനലിലെത്തിച്ച ഐതിഹാസിക പ്രകടനമാണ് താരത്തിന് ഗോൾഡൻ ബോൾ പുരസ്കാരം നേടിക്കൊടുത്തത്. കലാശപ്പോരിൽ ഫ്രാൻസിനെതിരെ മെസിക്ക് ഇരട്ടഗോളും നേടി. 2014 ലോകകപ്പിലും മെസി ഗോള്‍ഡന്‍ ബോള്‍ നേടിയിരുന്നു.

അതേസമയം ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഫ്രാൻസിന്റെ കിലിയൻ എംബപെ സ്വന്തമാക്കി. കലാശപ്പോരാട്ടത്തിനു മുൻപ് മെസ്സിയും എംബപെയും അഞ്ച് ഗോളുകൾ വീതം നേടി ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും, ഫൈനലിൽ ഇരട്ടഗോൾ നേടിയ മെസിയെ ഹാട്രിക് മികവിൽ മറികടന്നാണ് എംബപെയുടെ ഗോൾഡൻ ബൂട്ട് നേട്ടം.

ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നേടി. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കിങ്സ്‌ലി കോമന്റെ കിക്ക് മാർട്ടിനസ് തടഞ്ഞത് നിർണായകമായിരുന്നു. ടൂർണമെന്റിലെ മികച്ച യുവതാരമായി അർജന്റീനയുടെ തന്നെ എൻസോ ഫെർണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു.

പ്രാണവായുവില്‍ പോലും ഫുട്‌ബോള്‍ ആവേശമുള്ള ഒരു നാടിന് ലോകകിരീടം ചൂടാന്‍ കാത്തിരിക്കേണ്ടി വന്നത് നീണ്ട 36 വര്‍ഷങ്ങളാണ്. മിശിഹായുടെ കൈകളില്‍ കപ്പ് അമരുമ്പോള്‍ അര്‍ജന്റീനിയന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ കടലിരമ്പി. ഭൂരിഭാഗം ആരാധകരും കരഞ്ഞുപോയി. പെനാലിറ്റി സമയത്ത് കളി കാണാന്‍ ധൈര്യം പോലുമില്ലാതെ പലരും മുഖം പൊത്തിനിന്നിരുന്നു. കുറച്ചുപേരൊക്കെ യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് വളരെപ്പെട്ടെന്ന് തിരികെ വന്നു. അവര്‍ അര്‍ജന്റീനയെന്നും മെസിയെന്നും അലറി. വികാരങ്ങളുടെ റോളര്‍ കോസ്റ്റില്‍ പെട്ടിരുന്ന ഭൂരിഭാഗം പേര്‍ക്കും സംഭവിച്ചത് സ്വപ്‌നമോ സത്യമോ എന്ന് മനസിലാക്കാന്‍ സമയമെടുത്തു.