വൈദിക വിജ്ഞാനത്തിന്റെ അപൂര്‍വ താളിയോല ഗ്രന്ഥങ്ങള്‍ മലയാള സര്‍വകലാശാലയ്ക്ക് കൈമാറി
തൃശൂര്‍ പെരുമനം ഗ്രാമത്തിന്റെ വൈദിക കുലമായ കപ്ളിങ്ങാട്ട് മനയില്‍ നിന്നും കണ്ടെടുത്ത വൈദിക വിജ്ഞാനത്തിന്റെ അപൂര്‍വവും അമൂല്യവുമായ താളിയോലഗ്രന്ഥങ്ങള്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചു. ഗ്രന്ഥശേഖരം കപ്ളിങ്ങാട്ടു മനയിലെ മുതിര്‍ന്ന അംഗം ശാന്ത പത്മനാഭനില്‍ നിന്നും മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഏറ്റുവാങ്ങി. സംസ്കാര പൈതൃക പഠന സ്കൂള്‍ ഡയറക്ടര്‍ ഡോ. കെ എം.ഭരതന്, ഡോ. ജി. സജിന എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കാലപ്പഴക്കമുള്ള വൈദിക വിജ്ഞാനത്തിന്റെ അപൂര്‍വമായ സഞ്ചയമാണ് ഈ താളിയോലകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോലകളില്‍ സ്മാര്‍ത്തവിചാരം, വൈദിക ക്രിയകള്‍, അനുഷ്ഠാനക്രമങ്ങള്‍, യാഗം, അതിരാത്രം മുതലായ കര്‍മ്മങ്ങളെ വിവരിക്കുന്നുണ്ട്. ആയിരത്തോളം വര്‍ഷം പഴക്കമുള്ളതാണ് കപ്ളിങ്ങാട് വൈദികന്മാരുടെ യജുര്‍വേദ പാരമ്പര്യം. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിലെ സംഹിതാ സിദ്ധാന്ത വിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന ഡോ. കിരാതമൂര്‍ത്തിയാണ് അറിയാതെ കിടന്നിരുന്ന ഈ താളിയോലഗ്രന്ഥങ്ങള്‍ കണ്ടെത്തിയത്.
ഡിജിറ്റലൈസ് ചെയ്ത് ഈ വിജ്ഞാനം നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ മലയാള സര്‍വകലാശാലക്ക് സാധിക്കുമെന്നതോടൊപ്പം സര്‍വകലാശാലയുടെ താളിയോല പഠനത്തിന് മുതല്‍ക്കൂട്ടായി തീരുകയും ചെയ്യും. വിദേശ സര്‍വകലാശാലകളില്‍ നടക്കുന്ന വൈദിക പഠനകേന്ദ്രങ്ങള്‍ക്കും ഇത് സഹായകരമാകും.