സ്വർണവില ശനിയാഴ്ചയും കൂപ്പുകുത്തി

സംസ്ഥാനത്ത് സ്വർണവില ശനിയാഴ്ചയും കൂപ്പുകുത്തി. പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില.

 

ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞതിനുപിന്നാലെയാണ് ശനിയാഴ്ചയും ഇടിവുണ്ടായത്.

ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളിൽ പവന് 6,000 രൂപയുടേയും ഇടിവാണുണ്ടായത്. ഇതോടെ കഴിഞ്ഞ ജൂലായ് മാസത്തെ നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില. ജൂലായ് ആറിനാണ് പവൻ വില 35,800ലെത്തിയത്.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1,789.03 ഡോളർ നിലവാരത്തിലെത്തി. എക്കാലത്തെ ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്.