രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്ത് കോൺഗ്രസ്. ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിതംബരം എന്നിവരുൾപ്പെടെ ചേർന്ന യോഗത്തിലാണ് തിരുമാനം.
‘രാഹുൽ ഗാന്ധിയുടെ അയോഗ്യതാ നടപടിയിലെ രാഷ്ട്രീയ തന്ത്രത്തെ കുറിച്ച് ചർച്ച ചെയ്തു. നിയമവശം അഭിഷേക് മനു സിംഗ്വി വിശദീകരിച്ചു. വരും ദിവസങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം’- മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് അനുകൂലമായി മറ്റ് പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസ്താവനകളെ കോൺഗ്രസ് സ്വാഗതം ചെയ്തു. ബിജെപിക്കെതിരെ ചിട്ടയായ പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ നേതാക്കളായ മമതാ ബാനർജി, അരവിന്ദ് കേജ്രിവാൾ, എംകെ സ്റ്റാലിൻ, ഉദ്ധവ് താക്കറെ, കെസിആർ, അകിലേഖ് യാദവ് എന്നിവർ രംഗത്ത് വന്നിരുന്നു.
എന്നാൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാഷ്ട്രീയമില്ലെന്നും, ഗാന്ധി കുടുംബത്തിന് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നുമാണ് ബിജെപി വാദം.