മത്സ്യഗ്രാമമാകാൻ ഒരുങ്ങി പൊന്നാനി: തീരദേശ വികസനത്തിന് 24.44 കോടിയുടെ അനുമതി

 

ജില്ലയിലെ പ്രധാന മത്സ്യബന്ധന പ്രദേശമായ പൊന്നാനിയിൽ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 24.44 കോടിയുടെ മീൻപ്പിടുത്ത തുറമുഖ വികസനത്തിനാണ് പൊന്നാനിയിൽ അനുമതിയായത്. ഏഴു കോടിയുടെ മത്സ്യ ഗ്രാമം പദ്ധതി, 18.7 കോടിയുടെ ഹാർബർ വികസനം, അഴിമുഖത്തെ മണൽത്തിട്ടകൾ നിക്കം ചെയ്ത് ആഴം കൂട്ടുന്നതിന് 6.37 കോടി എന്നിവക്കാണ് തുക അനുവദിച്ചത്. പൊന്നാനി എം.ഇ.എസ് കോളജിന് പിറകുവശത്തെ സ്ഥലത്താണ് മത്സ്യഗ്രാമമൊരുക്കുക. മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കളിസ്ഥലം, വയോധികരുടെ ആരോഗ്യസംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനുമായി പാർക്ക്, വിശ്രമ സ്ഥലവും ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

വിശദമായ പദ്ധതി തയ്യാറാക്കാൻ ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.

പി. നന്ദകുമാർ എം.എൽ.എയുടെ ഇടപെടലിലാണ് വികസന പദ്ധതി പൊന്നാനിയിൽ യാഥാർത്ഥ്യമാവുന്നത്. മണൽത്തിട്ടകളിലിടിച്ച് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഏറെ നാളത്തെ പ്രശ്‌നത്തിന് മണൽത്തിട്ടകൾ നീക്കം ചെയ്യുന്നതോടെ പരിഹാരമാകും. 6.37 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പ്രദേശത്ത് ഡ്രഡ്ജിങ് നടത്തി വാർഫിനു സമീപം മൂന്നുമീറ്റർ ആഴം ഉറപ്പാക്കും. ഇതിനോടനുബന്ധിച്ച് പുതിയ വാർഫ് നിർമ്മാണമുൾപ്പെടെ സമഗ്രമായ ഹാർബർ വികസനവും പൊന്നാനിയിൽ സാധ്യമാകുന്നതോടെ ഹാർബറിന്റെ മുഖച്ഛായ മാറും.