ഹൈദരാബാദ്: അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തെലങ്കാനയില്‍ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന ഭരിക്കുന്ന കെസിആറിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസ് പാര്‍ടി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് അദ്ദേഹം സംസാരിച്ചത്.
സംസ്ഥാനസര്‍ക്കാരിന്‍റെ നിസ്സഹകരണം മൂലം പല പദ്ധതികളും വൈകുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. ഇതില്‍ നഷ്ടം തെലങ്കാനയിലെ ജനങ്ങള്‍ക്കാണ്. ജനങ്ങള്‍ക്ക് വേണ്ടി വികസന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാനം സഹകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. കുടുംബാധിപത്യത്തില്‍ വിശ്വസിക്കുന്ന ചിലര്‍ സംസ്ഥാനത്തിന്‍റെ വികസനത്തിന് വിലങ്ങുതടിയാകുന്നുവെന്ന് കെസിആറിനെ പരോക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി പറഞ്ഞു. ഇവര്‍ സ്വന്തം കുടുംബത്തിന്‍റെ ലാഭം മാത്രമാണ് നോക്കുക. തെലങ്കാന ഇത്തരം രാഷ്ട്രീയക്കാരില്‍ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം സ്വന്തം നിയന്ത്രണത്തില്‍ വരണമെന്നാണ് കുടുംബാധിപത്യവാദികള്‍ കരുതുക. സബ്‍സിഡികളുടെ നേരിട്ടുള്ള കൈമാറ്റം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റമാണ്. നേരത്തേ ഇത് നടപ്പാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച അദ്ദേഹം കുടുംബാധിപത്യശക്തികള്‍ ഈ പണം മുഴുവന്‍ വിഴുങ്ങുകയായിരുന്നുവെന്നും പറഞ്ഞു.
സെക്കന്തരാബാദ് – തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് രണ്ട് ദിവസത്തെ ദക്ഷിണേന്ത്യന്‍ പര്യടനം പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയത്. തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നും നാളെയുമായി മോദി എത്തുന്നത്. 11,300 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തെലങ്കാനയില്‍ തുടക്കം കുറിച്ചത്. തെലങ്കാനയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ആറ് ദേശീയ പാതാ പദ്ധതികളുടെ ഭൂമി പൂജയും മോദി നിര്‍വഹിച്ചു. 7864 കോടി രൂപയുടെ പദ്ധതിയാണ് ഇത്. എന്നാല്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മോദിയുടെ എല്ലാ പരിപാടികളില്‍ നിന്നും വിട്ടു നിന്നു. ബെഗംപേട്ട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിയെ സ്വീകരിക്കാനും കെസിആര്‍ എത്തിയില്ല. സെക്കന്തരാബാദിലും ഹൈദരാബാദിലും മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബിആര്‍എസ് പ്രവര്‍ത്തകര്‍ വഴി നീളെ ഫ്ലക്സുകള്‍ ഉയര്‍ത്തി.
തമിഴ്നാട്ടിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. കോണ്‍ഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധങ്ങള്‍ നടന്നത്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെന്നെ വള്ളുവര്‍കോട്ടം കേന്ദ്രീകരിച്ച് വന്‍ പ്രതിഷേധം സംഘടിപ്പിച്ചു. കറുത്ത വസ്ത്രങ്ങളണിഞ്ഞ് കരിങ്കൊടികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനെത്തിയത്. ഡിഎംകെയും മറ്റ് ഭരണ മുന്നണി കക്ഷികളും കോണ്‍ഗ്രസ് പ്രത്യക്ഷ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നില്ല. ദ്രാവിഡര്‍ കഴകം, മെയ് 17 ഇയക്കം തുടങ്ങിയ സംഘടനകളും ഗോബാക്ക് മോദി മുദ്രാവാക്യങ്ങളുമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. #gobackmodi എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്