ഇന്ന് ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ആഗോളതാപനം, മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിദുരന്തങ്ങൾ, മനുഷ്യ-മൃഗ സംഘർഷം… പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാര്‍ത്തകള്‍ പുതിയ കാലത്ത് ഇങ്ങിനെയാണ് നീണ്ടുപോകുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഇതില്‍ നിന്നും നമുക്ക് ബോധ്യമാകുന്നത്.

 

നമ്മള്‍ കഴിക്കുന്ന ഭക്ഷണം മുതല്‍ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയില്‍ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സില്‍വച്ചാണ് എല്ലാ വര്‍ഷവും ജൂണ്‍ 5ന് ലോകം ലോകപരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

 

വരും തലമുറകൾക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും ഇന്നത്തെ തലമുറയ്ക്ക് എത്രത്തോളം പ്രധാനമാണ് എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്. “പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ” എന്നതാണ് ഇക്കൊല്ലത്തെ തീം. ഹരിതാഭമായ നമ്മുടെ ഭൂമി മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നിലനിൽക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും വേണ്ടുവോളം നൽകുന്നുണ്ട്. നമ്മുടെ മരങ്ങളും തണ്ണീർത്തടങ്ങളും കണ്ടൽകാടുകളും പാടങ്ങളും നദികളും മലകളുമെല്ലാം നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്നതിൽ ഏറെ പങ്കുവഹിക്കുന്നുണ്ട്.

 

നമ്മുടെ സുന്ദരമായ ഈ ഭൂമിയാണ് മനുഷ്യൻ അധിവസിക്കുന്ന ഏകഗ്രഹം.അതിനാൽ മനുഷ്യവാസത്തിനുള്ള വിഭവങ്ങളെല്ലാം പ്രകൃതി ഇതിൽ ഒരുക്കിയിട്ടുണ്ട്. നാശത്തിന്റെ പാരമ്യത്തിലെത്തിയ നമ്മുടെ ഭൂമിയെ കരുതലോടെ സംരക്ഷിക്കണം. നമ്മുടെ ഒപ്പം തിര്യക്കുകൾക്കും ജീവിക്കാൻ അനുവാദം നൽകണം. നമ്മുടെ ഹരിതഭൂമി ഹരിതമായിത്തന്നെ നിലനിൽക്കട്ടെ. പ്രാണവായു നഷ്ടമാകാതിരിക്കട്ടെ!!!