ഡെങ്കിപ്പനി;ഉടൻ ചികിത്സ തേടണം

ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. എട്ട് ഡെങ്കിപ്പനി മരണങ്ങളാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ മൂന്നുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയുംവേഗം ചികിത്സ തേടണം. രോഗബാധിതര്‍ പൂര്‍ണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവര്‍ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളില്‍ ആയിരിക്കണം.

ഡെങ്കിപ്പനി വരാത്തിരിക്കാന്‍ കുറച്ച്‌ മുന്‍കരുതലുകള്‍ എടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം. കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കാതെ ഇരിക്കുക. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ പറമ്ബില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കംചെയ്ത് സുരക്ഷിതമായി സംസ്‌കരിക്കണം. ജലസംഭരണികള്‍ കൊതുക് കടക്കാത്തരീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച്‌ പൂര്‍ണമായി മൂടിവെക്കണം. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കണം. ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.