ബെംഗളൂരു: പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചിവിടല്‍. കമ്പനിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി ,1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.
ഒരു ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ വാര്‍ത്ത. എന്നാല്‍ പിരിച്ചുവിടലിനെ കുറിച്ച് ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ പിരിച്ചുവിടല്‍ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം ബൈജൂസ് രണ്ട് താവനകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്പനി സ്വീകരിച്ച ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് അനുസൃതമായാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകള്‍.
2022 ഒക്ടോബര്‍ മുതല്‍ ആറ് മാസത്തിനുള്ളില്‍ 2,500 തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതായി ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. 2023 മാര്‍ച്ചോടെ കമ്പനി ലാഭകരമാക്കാനുള്ള പദ്ധതി അനാവരണം ചെയ്തിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ കമ്പനിയുടെ മൂല്യം ഒരിക്കല്‍ 22 ബില്യണ്‍ ഡോളറായിരുന്നു. 2011 ല്‍ സ്ഥാപിതമായ ബൈജൂസ് കഴിഞ്ഞ ദശകത്തില്‍ ജനറല്‍ അറ്റ്ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റല്‍ തുടങ്ങിയ ആഗോള നിക്ഷേപകരെ ആകര്‍ഷിച്ചു.
കമ്പനി ഒരു കാലത്ത് അതിന്റെ വിജയഗാഥകള്‍ക്ക് പേരുകേട്ടതാണെങ്കിലും, അടുത്ത മാസങ്ങളില്‍, നിയമപരവും സാമ്പത്തികവുമായി പ്രശ്നങ്ങളില്‍ പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം കമ്പനിയുടെ മൂല്യനിര്‍ണ്ണയം 8.2 ബില്യണ്‍ ഡോളറായി കുറഞ്ഞു.