വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസ്  പിടിയില്‍

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോട്ടയത്ത് പിടിയിലായി. ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു നിഖിൽ.
നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്ഐ നേതാവിനെ വർക്കലയിൽ നിന്ന് ഇന്നലെ പകൽ കസ്റ്റഡിയിലെടുത്തിരുന്നു. ആരോപണത്തിന് പിന്നാലെ ആദ്യം നിഖിലിനെ എസ.എഫ്.ഐ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.

കായംകുളം എംഎസ്എം കോളജിൽ ബികോം വിദ്യാർഥിയായിരുന്ന നിഖിൽ പരീക്ഷ ജയിക്കാതെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി ഇതേ കോളജിൽ എംകോമിനു ചേർന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്ഐ നേതാക്കളെ കാണാൻ 18 ന് തിരുവനന്തപുരത്തു പോയപ്പോൾ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേർത്തലയിലെ ഒരു എസ്എഫ്ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്.