പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇന്ന് അൻവാർശേരിയിലേക്ക് ഇല്ല. കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഅദനിയുടെ രക്തസമ്മർദ്ദം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മഅദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടരും. യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല. മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചു.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മഅ്ദനി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കുമെന്നും മഅ്ദനി ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കർണാടക സർക്കാർ സുരക്ഷക്കായി വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. ഭരണമാറ്റത്തോടെ ഇതിൽ ചില ഇളവുകൾ ലഭിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ വല്ലാതെ അലട്ടുന്നുണ്ട്. നാട്ടിലെത്തി ചികിത്സ തേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നില്ലെന്നും മഅ്ദനി പറഞ്ഞു.
കേരളത്തിലെത്തിയതിൽ സന്തോഷം എന്നാണ് വിമാനത്താവളത്തിൽ മഅദനി മാധ്യമങ്ങളോട് പ്രതികരിച്ചത്. നീതി നിഷേധത്തിനെതിരായ പോരാട്ടത്തിന് എല്ലാവരുടേയും സഹായമുണ്ട്, അതാണ് കരുത്ത് നൽകുന്നത്. വിരോധമുള്ളവരെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ് ചെയ്യുന്നത്. കള്ളക്കേസാണെന്ന് എനിക്കും നാടിനും അറിയാം. കർണാടകയിലെ ഭരണമാറ്റം വലിയ സഹായമായിട്ടില്ല. എന്നാൽ ദ്രോഹമുണ്ടായിട്ടില്ല. എത്ര വലിച്ചു നീട്ടി കൊണ്ടു പോയാലും ഒരു വർഷത്തിനുള്ളിൽ തീർക്കാൻ സാധിക്കുന്ന കേസായിരുന്നു. അതാണ് ഇപ്പോൾ പതിനാലാം വർഷത്തിലേക്ക് കടക്കുന്നത്. പ്രതീക്ഷ മുഴുവൻ കേരളീയ സമൂഹത്തിൻ്റെ പിന്തുണയിലാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
12 ദിവസമാണ് മഅ്ദനി കേരളത്തിൽ ഉണ്ടാവുക. കര്‍ണാടക, കേരള പൊലീസ് സംഘവും ഡോക്ടര്‍മാരുടെ സംഘവും മഅ്ദനിയുടെ ഒപ്പമുണ്ട്.