തുഞ്ചൻ കോളേജിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു

തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അറബിക് ഗവേഷണ വിഭാഗവും താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ഉസ് വയും സംയുക്തമായി തുഞ്ചൻ കോളേജിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.

“ഇരുപതാം നൂറ്റാണ്ടിലെ കേരള പണ്ഡിതർ: ചരിത്രം, സാഹിത്യം, സംസ്കാരം, പ്രതിരോധം” എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി നൈജീരിയ യോബ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം പ്രൊഫസർ ഡോ. സഈദ് ഹുദവി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അറബിക് ഗവേഷണ വിഭാഗം മേധാവി ഡോ. ജാഫർ സാദിഖ് അധ്യക്ഷനായി. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ സ്മാരകമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ ഇന്ത്യക്ക് അകത്തുനിന്നും പുറത്തു നിന്നുമുള്ള ഗവേഷകർ മുപ്പത് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രണ്ട് വേദികളിലായി നടന്ന അക്കാദമിക് സെഷനുകൾക്ക് ഡോ. സുഹൈൽ ഹിദായ, അബ്ദുൽ മജീദ് കാനഡ, സഈദ് ഹുദവി, സഫറുല്ലാഹ്, അബ്ദുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. അറബിക് വിഭാഗത്തിലെ പ്രതിഭകളെ കോളേജ് പ്രിൻസിപ്പൽ ഡോ. അജിത് മെമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ അബ്ദുസമദ് ഫൈസി, അറബിക് ഗവേഷണ വിഭാഗം അധ്യാപകരായ ഡോ.ഹിലാൽ കെ. എം, ഡോ. ജാബിർ കെ ടി ഹുദവി, ഉസ് വ നേതാക്കളായ സയ്യിദ് മഹ് ശൂഖ് തങ്ങൾ, അസ്‌ലഹി സലീം ഹുദവി എന്നിവർ പ്രസംഗിച്ചു.