‘1984 ലെ അടിയൊഴുക്കുകൾ തൊട്ട് 2023 ലെ നൻപകൽ വരെ’; ദി ബെസ്റ്റ് ആക്ടർ ”മമ്മൂട്ടി”
മലയാളത്തിന്റെ അഭിനയത്തികവിന് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആറാമതും മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നു. 2021 മമ്മൂട്ടിക്കാലമായിരുന്നുവെന്ന് ജൂറിയും ശരിവെച്ചിരിക്കുന്നു. നൻപകല്‍ നേരത്ത്, റോഷാക്കടക്കമുള്ള മികച്ച സിനിമകളിലൂടെയാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്.
ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ലാണ്. ‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ല്‍ മമ്മൂട്ടി സംസ്ഥാന തലത്തില്‍ ആദ്യമായി മികച്ച നടനായി. ‘അടിയൊഴുക്കുകളി’ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി നേടിയത്.
‘യാത്ര’യിലേയും, ‘നിറക്കൂട്ടി’ലെയും സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്‍പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്കായിരുന്നു. 1985ലായിരുന്നു മമ്മൂട്ടി ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടത്. ‘വിധേയൻ’, ‘പൊന്തൻ മാട’, ‘വാത്സല്യം’ സിനിമകളിലൂടെ മമമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993ലാണ്. 2004ലും 2009ലും മികച്ച നടനുള്ള അവാര്ഡ് കാഴ്ച, പാലേരി മാണിക്യം എന്നിവയിലൂടെ മമ്മൂട്ടിക്ക് യഥാക്രമം ലഭിച്ചു.
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിലും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. ‘മതിലുകള്‍’, ‘ഒരു വടക്കൻ വീരഗാഥ’ സിനിമകളിലൂടെ 1989ല്‍ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. ‘പൊന്തൻ മാട’, ‘വിധേയൻ’ എന്ന സിനിമകളിലൂടെ 1993ലും മമ്മൂട്ടി പുരസ്‍കാരം നേടി. ‘ഡോ. ബാബാസഹേബ് അംബേദ്‍കറെ’ന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 1998ലും മമ്മൂട്ടി മികച്ച നടനുള്ള പുരസ്‍കാരം ദേശീയ തലത്തില്‍ നേടി.