മാസപ്പടി വിവാദം; പട്ടികയില്‍ യുഡിഎഫ് നേതാക്കളും; വിവാദം കത്തിക്കേണ്ടെന്ന് പ്രതിപക്ഷ തീരുമാനം

മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. സിഎംആര്‍എല്ലിന്റെ പട്ടികയില്‍ പ്രതിപക്ഷ നേതാക്കളുടെ പേരുകളും. രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്.

രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയത് ബിസിനസ് സുഗമമാക്കാനെന്നാണ് കമ്പനിയുടെ വിശദീകരണം. പട്ടികയില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും ഉണ്ട്.

2019ല്‍ കമ്പനി സി.എഫ്.ഒ. കെ.എസ്. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത രേഖകളില്‍ കെകെ(കുഞ്ഞാലിക്കുട്ടി), എജി(എ ഗോവിന്ദന്‍), ഒസി(ഉമ്മന്‍ ചാണ്ടി), പിവി(പിണറായി വിജയന്‍), ഐകെ(ഇബ്രാഹിം കുഞ്ഞ്), ആര്‍സി(രമേശ് ചെന്നിത്തല) എന്നിങ്ങനെ ചുരുക്കപ്പേരുകളുടെ രൂപത്തിലാണ് നേതാക്കളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഏതു ദിവസം, എത്ര പണം, ആര്‍ക്കു നല്‍കി എന്നീ വിവരങ്ങള്‍ എംഡി ശശിധരന്‍ കര്‍ത്ത ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ആദായവകുപ്പ് ശേഖരിച്ചിട്ടുണ്ട്.

ഭരണ-പ്രതിപക്ഷ നേതാക്കളെ ബാധിക്കുന്നതിനാല്‍ വിഷയം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കില്ല. വലിയ വിവാദമാക്കി മാറ്റേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാല്‍ വിഷയം ആളിക്കത്തിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.