ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഭാഗ്യചിഹ്നം പുറത്തിറക്കി. ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യയുടെ പുരുഷ, വനിത ക്യാപ്റ്റന്മാരായ യാഷ് ദള്ളും ഷെഫാലി വര്‍മ്മയും ചേര്‍ന്നാണ് ഭാഗ്യചിഹ്നം പുറത്തിറക്കിയത്. ലിംഗ സമത്വത്തേയും വൈവിധ്യത്തേയും പ്രതിനിധീകരിക്കുന്നതാണ് ഭാഗ്യചിഹ്നം. ഇവയ്ക്ക് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാൻ ആരാധകര്‍ക്ക് ഐസിസി അവസരം നൽകിയിട്ടുണ്ട്. ഭാഗ്യചിഹ്നത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ ഐസിസി പങ്കുവെച്ചു. ലോകകപ്പ് ഭാഗ്യചിഹ്നം പതിച്ച സണ്‍ഗ്ലാസുകളടക്കമുള്ളവ വാങ്ങാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാകു എന്ന് ഐസിസി അറിയിച്ചു.
ഒക്‌ടോബര്‍ അഞ്ചിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നതോടെയാണ് 2023 ഏകദിന ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാകുന്നത്. നവംബര്‍ 19ന് ഇതേ സ്റ്റേഡിയത്തിലാണ് കലാശപ്പോര്. 10 വേദികളിലായാണ് പത്ത് ടീമുകള്‍ ഏറ്റുമുട്ടുന്ന ലോകകപ്പ് മത്സരങ്ങള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ ലോകകപ്പിന് മുമ്പുള്ള വാംഅപ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയാവും.