ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം നാളെ, ആരൊക്കെ ഇടംപിടിക്കും

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് നാളെ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ബിസിസിഐ പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് 12 മണിക്കാരംഭിക്കുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കറും നായകന്‍ രോഹിത് ശര്‍മ്മയും മാധ്യമങ്ങളെ കാണും. ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. സെപ്റ്റംബ‍ര്‍ 2ന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

ഏഷ്യാ കപ്പിനായി 17 അംഗ സ്ക്വാഡ് ബിസിസിഐ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കാനാണ് സാധ്യത. വിന്‍ഡീസിനെതിരെ അരങ്ങേറ്റ ട്വന്‍റി 20 പരമ്പരയില്‍ തിളങ്ങിയ 20കാരന്‍ ബാറ്റര്‍ തിലക് വര്‍മ്മയെയും ഏകദിന ടീമില്‍ നിലവിലില്ലാത്ത വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനേയും സെലക്ഷനായി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. രോഹിത് ശർമ്മ(നായകന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, അക്സർ പട്ടേല്‍, ഷർദുല്‍ താക്കൂർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, യുസ്‍വേന്ദ്ര ചഹല്‍/രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഏഷ്യാ കപ്പ് സ്ക്വാഡിലുണ്ടാവുക എന്നാണ് സൂചന. ഇവരില്‍ രാഹുലും ശ്രേയസും ടീമിലുണ്ടാകുന്നത് ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമാകും.