കോഴിക്കോട്: വിദൂര വിദ്യാഭ്യാസ കോഴ്‌സുകളില്‍ പരീക്ഷ എഴുതാതെ തന്നെ വിജയിക്കാമെന്ന് വാഗ്ദാനം നല്കി ഏജൻസികള്‍.
പെണ്‍കുട്ടികളാണെങ്കില്‍ ഡേറ്റിങ്ങും ആണ്‍കുട്ടികള്‍ക്ക് കാശും നല്കിയാല്‍ പരീക്ഷ എഴുതാതെ തന്നെ കോഴ്‌സ് പാസാക്കിതരാമെന്നാണ് വാഗ്ദാനം. കോഴ്‌സുകള്‍ക്ക് പ്രൊജക്ടും അസൈൻമെന്റും ചെയ്തുകൊടുക്കുന്ന ഏജൻസികളാണ് ലൈംഗിക ചൂഷണം നടത്തുന്നത്. ചൂഷണത്തിന് ശ്രമിച്ചവരുടെ ശബ്ദ സന്ദേശം ലഭിച്ചു.
വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ പ്രൊജക്ടും അസൈൻമെന്റും ചെയ്തു നല്കുമെന്ന വാഗ്ദാനമാണ് ടെലിഗ്രാം മുഖേന ആദ്യം വിദ്യാര്‍ഥികള്‍ ലഭിക്കുക. ആ ലിങ്ക് വഴി ആശയവിനിമയം നടത്തുന്നവര്‍ക്കാണ് പരീക്ഷ എഴുതാതെ തന്നെ പാസാകാൻ വഴിയുണ്ടെന്ന വാഗ്ദാനം നല്‍കുന്നത്. ഇഗ്‌നോ ഉള്‍പ്പെടെ പ്രധാന യൂനിവേഴ്‌സിറ്റികളെ സ്വാധീനിച്ചാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതെന്നും ഈ സംഘങ്ങള്‍ അവകാശപ്പെടുന്നത്.
നോട്ടുകള്‍ക്കും അസ്സൈൻമെന്റുകള്‍ക്കും വെവ്വേറെ ഫീസുകള്‍ ഈടാക്കുന്നതായും പരാതിയുണ്ട്. പേയ്‌മെന്റിനു വേണ്ടി ക്യു.ആര്‍ കോഡ് അയച്ചു തരും. ഫോണ്‍ നമ്ബര്‍ നല്‍കില്ല. നല്‍കിയ ക്യൂ.ആര്‍ സ്‌കാൻ ചെയ്തപ്പോള്‍ ശ്രീഹരി എന്ന അക്കൗണ്ടിലേക്കാണ് പണം പോകുന്നത്. ടെലിഗ്രാം വഴിയാണ് ഈ സംഘങ്ങള്‍ വിദ്യാര്‍ത്ഥികളെ ബന്ധപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ഫോണ്‍ നമ്ബരോ മറ്റു വിവരങ്ങളോ ലഭിക്കാത്തതാണ് പരാതിപ്പെടാൻ തടസമാകുന്നത്.