മസ്കറ്റ്: ഒമാനില്‍ 34 നുഴഞ്ഞുകയറ്റക്കാര്‍ പൊലീസ് പിടിയിൽ. ഒമാനിലെ വടക്കൻ ബാത്തിനാ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് 34 നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.
മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 34 പേര്‍ പൊലീസ് പിടിയിലായത്. പിടിയിലായവർ ഏഷ്യൻ വംശജർ ആണെന്നും പ്രസ്താവനയിൽ പറയുന്നു. പൊലീസ് അറസ്റ്റിലായ 34 പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ഇരകളെ പ്രലോഭിപ്പിച്ച് പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്യാൻ അവരെ നിർബന്ധിച്ച രണ്ട് പേരെയാണ് മനുഷ്യക്കടത്ത് ആരോപിച്ച് റോയൽ ഒമാൻ പോലീസ് അറസ്റ് ചെയ്തിട്ടുള്ളത്. കുറ്റവാളികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.