കോഴിക്കോട്: തുടര്‍ച്ചയായി നിപ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ആക്ഷൻ പ്ലാൻ ഒരുങ്ങുന്നു.
ജില്ലയില്‍ മൂന്നാം തവണയും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം പ്രകൃതിയുടെയും മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഊന്നല്‍നല്‍കി ആരോഗ്യവകുപ്പ് ഏകാരോഗ്യം അഥവാ വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
ആരോഗ്യം, വനം, മൃഗസംരക്ഷണം, ഫിഷറീസ്, ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി തയാറാക്കുന്നത്. ഇതിന്‍റെ ഭാഗമായി ആക്ഷൻ പ്ലാൻ തയാറാക്കാൻ ഓരോ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വന്യമൃഗങ്ങളെയും ജീവികളെയും കൃത്യമായി നിരീക്ഷിക്കുകയും പഠനവിധേയമാക്കുകയും ഇവയില്‍നിന്ന് പകരുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് യഥാ സമയങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
വ്യാഴാഴ്ച നടക്കുന്ന അവലോകനയോഗത്തില്‍ വിവിധ വകുപ്പുകളുടെ ആക്ഷൻ പ്ലാൻ പരിശോധിച്ച് അന്തിമ രൂപം നല്‍കും. ജില്ല കലക്ടറായിരിക്കും സമിതി അധ്യക്ഷൻ. സമിതി എല്ലാമാസവും അവലോകനയോഗം കൂടണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
2021ല്‍ ജില്ലയില്‍ രണ്ടാം തവണ നിപ സ്ഥിരീകരിച്ചപ്പോള്‍, നിപബാധിത പ്രദേശങ്ങളിലെ വവ്വാലുകളെയും മറ്റ് ജീവജാലങ്ങളെയും തുടര്‍ച്ചായി നിരീക്ഷിക്കുന്നതിനും അവയില്‍ നടക്കുന്ന ജനിതക മാറ്റങ്ങളെക്കുറിച്ചും മനുഷ്യരിലേക്കുള്ള രോഗവ്യാപനത്തെക്കുറിച്ചും പഠനം നടത്തണമെന്നും ജനങ്ങള്‍ക്ക് പ്രതിരോധ ജാഗ്രതാനിര്‍ദേശം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഇതില്‍ പിന്നീട് തുടര്‍നടപടികളൊന്നും സംസ്ഥാനസര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞമാസം ജില്ലയില്‍ വീണ്ടും ആറുപേര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ, ജാഗ്രതാനിര്‍ദേശം നല്‍കുന്നതില്‍ ആരോഗ്യവകുപ്പിന് വന്ന വീഴ്ച വ്യാപക ആക്ഷേപത്തിന് ഇടക്കായിരുന്നു.
തുടര്‍ച്ചയായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തങ്ങളുടെ ഭാവിയെ ആശങ്കയിലാക്കുന്നുവെന്നും വവ്വാലുകളെക്കുറിച്ച് വ്യക്തമായ പഠനം നടത്തി തങ്ങളുടെ ഭീതിയകറ്റണമെന്നും കിഴക്കൻ മലയോരവാസികളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ജില്ലയില്‍ ഏകാരോഗ്യം സമിതി രൂപവത്കരിക്കാനും ആക്ഷൻ പ്ലാൻ തയാറാക്കാനും ആരോഗ്യ വകുപ്പ് മുൻകൈയെടുത്തത്.