- ഇസ്ലാമാബാദ്: കൊടുംഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്താനില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് കൊല്ലപ്പെട്ട ഷാഹിദ് ലത്തീഫ്
എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കൊടുംഭീകരനാണ് ഇയാള്‍.
പാകിസ്താനിലെ ഗുജ്രാൻവാലയ്‌ക്ക് സമീപം മോര്‍ അമീനബാദില്‍വെച്ച് അജ്ഞാതൻ വെടിയുതിര്‍ക്കുകയായിരുന്നു. മോട്ടോര്‍ ബൈക്കിലെത്തിയ ആളാണ് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ജെയ്‌ഷെ മൊഹമ്മദ് ഭീകര സംഘടനയുടെ കമാൻഡറാണ് കൊല്ലപ്പെട്ട ലത്തീഫ്.
2016 ജനുവരി രണ്ടിനാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ഭീകരര്‍ പഞ്ചാബിലെ പത്താൻകോട്ട് എയര്‍ബേസില്‍ സൈനിക വേഷത്തില്‍ കടന്നുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു വ്യോമസേന ഉദ്യോഗസ്ഥനും ഒരു എൻഎസ്ജി കമാൻഡോയും അഞ്ച് ഡിഫൻസ് സെക്യൂരിറ്റി കോര്‍പ്പ്‌സ് ജവാന്മാരും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ 4 ഭീകരരെ സുരക്ഷാസേന വകവരുത്തി.
പാകിസ്താനിലെ ബാലാക്കോട്ടില്‍ സൈനിക കേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തിയാണ് ഇന്ത്യ തിരിച്ചടിച്ചത്. 350 ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യൻ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു.