‘സുരക്ഷ മുഖ്യം’, നമ്പറില്ലാത്ത ക്രെഡിറ്റ് കാര്‍ഡുമായി ആക്സിസ് ബാങ്ക്; ഓഫറുകള്‍ നിരവധി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക്, രാജ്യത്തെ ആദ്യത്തെ നമ്ബറില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു.

ആക്‌സിസ് ബാങ്കും ഫിന്‍ടെക് സ്ഥാപനമായ ഫൈബും സഹകരിച്ചാണ് നമ്ബര്‍ രഹിത ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത് . ക്രെഡിറ്റ്‌ കാര്‍ഡില്‍, നമ്ബറോ, എക്സ്പയറി ഡേറ്റൊ, സിവിവി നമ്ബറോ ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമായി പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നതാണ് കാര്‍ഡിന്റെ പ്രധാന നേട്ടം. കാര്‍ഡ് ഉടമകളുടെ വിവരങ്ങളിലേക്കുള്ള അനധികൃത ആക്‌സസ് ഇല്ലാതാക്കാം. ഉപഭോക്താക്കള്‍ക്ക് അവരുടെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഫൈബ് ആപ്പില്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാൻ കഴിയും . ഇത് ക്രെഡിറ്റ്‌ കാര്‍ഡ് വിവരങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിന് അവരെ സഹായിക്കുന്നു. ഫൈബിന്റെ 2.1 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ഡ് ലഭ്യമാകും.

ഈ ക്രെഡിറ്റ്‌ കാര്‍ഡ് വഴി റെസ്റ്റോറന്റുകളില്‍ ഓണ്‍ലൈൻ ഡെലിവറിക്ക് 3% വരെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ, പ്രാദേശിക യാത്രകള്‍ക്കും, ഓണ്‍ലൈൻ ടിക്കറ്റിംഗ് ആപ്പുകളിലും ഓഫറുകള്‍ ലഭിക്കും. ഇതിനു പുറമേ, ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈൻ, ഓഫ് ലൈൻ ഇടപാടുകള്‍ക്ക് 1% ക്യാഷ്ബാക്കും ലഭിക്കും.

ഈ കാര്‍ഡ് ഒരു കോ-ബ്രാൻഡഡ് റുപേ ക്രെഡിറ്റ്‌ കാര്‍ഡ് ആണ്. ഇതുവഴി യുപിഐയിലേക്ക് ലിങ്ക് ചെയ്യാൻ സാധിക്കും. എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും, ഓഫ് ലൈൻ സ്റ്റോറുകളിലും കാര്‍ഡ് ഉപയോഗിക്കാം. ടാപ് ആൻഡ് പേ ഫീച്ചറും ഈ കാര്‍ഡ് ലഭ്യമാക്കുന്നുണ്ട്.

ജോയിനിംഗ് ഫീസ് പൂര്‍ണമായും സൗജന്യമാണ്. വാര്‍ഷിക ഫീസും കാര്‍ഡിന് ഈടാക്കുന്നില്ല. പ്രതിവര്‍ഷം നാല് ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം, 400 രൂപ മുതല്‍ 5000 രൂപ വരെ ഇന്ധനച്ചെലവിനുള്ള സീറോ സര്‍ചാര്‍ജ് എന്നിവയും ഈ കാര്‍ഡിന്റെ മറ്റ് ചില പ്രത്യേകതകളാണ്. ആക്‌സിസ് ഡൈനിംഗ് ഡിലൈറ്റ്‌സ്, വെനസ്ഡേ ഡിലൈറ്റ്‌സ്, എൻഡ് ഓഫ് സീസണ്‍ സെയില്‍സ്, റുപേ പോര്‍ട്ട്‌ഫോളിയോ ഓഫറുകള്‍ എന്നിവയുടെ അധിക നേട്ടവും അവരുടെ ഈ കാര്‍ഡുകളില്‍ ലഭ്യമാണ്.